മലപ്പുറം: പെരിന്തൽമണ്ണ 12-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി. പെരിന്തൽമണ്ണ സ്വദേശി ഫാത്തിമയുടെ വോട്ട് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് ടെന്റർ വോട്ടായി രേഖപ്പെടുത്താൻ അനുമതി നൽകി. ഇത് സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലും തിരുവനന്തപുരത്തും കള്ളവോട്ട് പരാതി ഉയരുന്നുണ്ട്. ആറ്റിങ്ങലിലെ പോത്തൻകോട് ബൂത്തിൽ ലളിതമ്മ എന്ന വോട്ടറാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനെത്തിയപ്പോൾ ഇതിന് മുമ്പ് മറ്റാരോ വോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം കുന്നുകുഴിയിലാണ് മറ്റൊരു സംഭവം ഉണ്ടായത്. വടക്കേട് സ്വദേശി രാജേഷ് വോട്ട് ചെയ്യാനെത്തിയപ്പോൾ രാവിലെ മറ്റാരോ വന്ന് ചെയ്തതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ പൊലീസിനെ സംഭവം അറിയിച്ചിട്ടുണ്ട്. കള്ളവോട്ടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.