തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ വെഞ്ഞാറമൂട് മേഖലയിലെ ബിജെപി ബൂത്ത് ഓഫീസുകൾക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. ബൂത്ത് ഓഫീസുകൾ നശിപ്പിക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ബൂത്തിലേക്ക് പ്രവർത്തകരെത്തിയാൽ വകവരുത്തുമെന്ന് വധഭീഷണി മുഴക്കിയതായും ബിജെപി പ്രവർത്തകർ പറഞ്ഞു.
എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ളക്സ്ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ച നിലയിലാണ്. വാമനപുരം നിയോജക മണ്ഡലത്തിലെ വെഞ്ഞാറമൂട്, കോട്ടുകുന്നം, കളമച്ചൽ, കല്ലറ തുടങ്ങിയ ഭാഗങ്ങളിലാണ് സിപിഎം പ്രവർത്തകർ ബിജെപിയുടെ ബൂത്ത് ഓഫീസുകളിൽ അക്രമം നടത്തിയത്.
ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപിക്ക് വർദ്ധിച്ചു വരുന്ന ജനപ്രീതിയിൽ അസ്വസ്ഥത തോന്നിയ സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവർ വധഭീഷണി മുഴക്കിയതായും ബിജെപി വാമനപുരം മണ്ഡലം പ്രസിഡന്റ് പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.