തിരുവനന്തപുരം: സൗദിയിലെ ദമാമിൽ വിസ തട്ടിപ്പിനിരയായി കുടുങ്ങിക്കിടന്ന നെയ്യാറ്റിൻകര സ്വദേശി വിഷ്ണുചന്ദ്രൻ അടക്കമുള്ള 29 പേരെ തിരികെയെത്തിക്കാനുള്ള നടപടികൾ പൂർത്തിയായതായി വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്. അടുത്തയാഴ്ച ഇവർ നാട്ടിൽ തിരികെയത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് അയച്ച കത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യമറിയിച്ചത്.
രണ്ടു വർഷം മുൻപാണ് വിഷ്ണു ചന്ദ്രനടക്കമുള്ള 29 മലയാളികൾ സൗദിയിലെത്തിയത്. എന്നാൽ വിസയും പാസ്പോർട്ടുമടക്കമുള്ള രേഖകൾ തൊഴിൽ കമ്പനിക്ക് നൽകാതെ സ്പോൺസർ ഇവരെ പറ്റിക്കുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഇവർ സൗദിയിൽ ദുരിത ജീവിതം നയിക്കുകയായിരുന്നു.
ഇവരെ തിരികെ കൊണ്ടുവരാൻ സഹായം തേടി 10 ദിവസം മുൻപാണ് ബന്ധുക്കൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ സമീപിച്ചത്. കുമ്മനം രാജശേഖരൻ വിദേശകാര്യ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഉടൻ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിച്ചത്.