അനാവശ്യമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുത്; പൊലീസിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മനോധര്‍മ്മം അനുസരിച്ചല്ല പോലീസ് കേസെടുക്കേണ്ടതെന്നും അനാവശ്യമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. രണ്ട് ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിമര്‍ശമുന്നയിച്ചത്.

ചങ്ങനാശ്ശേരി സ്വദേശി ബാബു ജോണ്‍ എന്നയാള്‍ക്കെതിരെ പൊലീസ് എടുത്ത ഭവനഭേദന കേസും മറ്റൊരു കേസിലേയും ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന പോലീസിനെതിരെ ഹൈക്കോടതി ഗുരുതരമായ വിമര്‍ശനം ഉന്നയിച്ചത്.

മനോധര്‍മ്മം അനുസരിച്ചല്ല പോലീസ് കേസ് എടുക്കേണ്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തോന്നും പോലെയല്ല പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. അനാവശ്യമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ആവശ്യമില്ലാതെ കേസുകള്‍ എടുത്താല്‍ അതിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഓരോ കേസുകളിലും വകുപ്പുകള്‍ ചുമത്തുമ്പോള്‍ അതിന് ആവശ്യമായ തെളിവുകളും സാഹചര്യങ്ങളും ഉണ്ടാവണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം സെന്‍കുമാറിന്റേത് ഉള്‍പ്പെടെയുള്ള കേസുകള്‍ പരാമര്‍ശിച്ചാണ് പോലീസിനെതിരെ കോടതി വിമര്‍ശമുന്നയിച്ചത്. രണ്ട് ജാമ്യഹര്‍ജികളും പരിഗണിക്കുന്നതിനായി അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. ചങ്ങനാശ്ശേരി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Close