ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. വയനാട് സ്വദേശിയായ റിയാസ് എന്ന യുവാവാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. വര്‍ഷങ്ങളായി ഇയാള്‍ പത്താന്‍കോട്ട് താമസിച്ചു വരികയാണ്.
റിയാസിനോടൊപ്പം അഞ്ച് മാലി സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്.
വ്യോമസേന താവളത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ എന്‍.ഐ.എ നടത്തിയ തിരച്ചിലിലാണ് റിയാസിനെ പിടികൂടിയത്. ഇയാളുടെ മൊബൈലില്‍ നിന്നും
പാകിസ്ഥാനിലേക്ക് നിരവധി കോളുകള്‍ പോയിട്ടുള്ളതായി എന്‍.ഐ.എ കണ്ടെത്തി. കൂടുതല്‍ പരിശോധനയില്‍ ഇയാളുടെ പേര് ദിനേശന് എന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. മലയാളി ആണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ കുറിച്ച് അന്വേഷിക്കാന്‍ കേരള പൊലീസിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു.
സ്പിരിറ്റ് കേസില്‍ അകപ്പെട്ട ഇയാള്‍ വയനാട്ടില്‍ നിന്നും 13 വര്‍ഷം മുന്‍പ് സൗദിയിലേക്ക് നാടുവിട്ടതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രാജ്യം വിട്ടതിനു ശേഷം ഇയാള്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു എന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പറയുന്നു.