ഗിരീഷ് കൃഷ്ണന്
കോഴിക്കോട്: വിഖ്യാത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ പൊറ്റക്കാടിന്റെ സ്മരണയ്ക്കായി കോഴിക്കോട് നിര്‍മ്മിച്ച സാംസ്കാരിക നിലയം പരാധീനതകളാല്‍ വീര്‍പ്പു മുട്ടുന്നു. നിലയത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്ത വാര്‍ഷിക ഗ്രാന്റ് ഇതുവരെ ലഭിച്ചിട്ടില്ല. സാംസ്കാരിക കേന്ദ്രത്തോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണന എസ്കെ യെ സ്നേഹിക്കുന്ന സാഹിത്യകാരന്മാര്ക്കിടയിലും എസ്.കെയുടെ ആരാധകര്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.
82 ലാണ് എസ്.കെ പൊറ്റക്കാട് അന്തരിച്ചത്. സഞ്ചാര സാഹിത്യത്തില്‍ മലയാളത്തിന് പുതിയ ദിശാബോധം നല്കിയ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 84 ല്‍ മുന്‍മന്ത്രി അഡ്വ.എ സുജനപാല്‍ അധ്യക്ഷനായ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പുതിയറയില്‍ ഒരു ചെറിയ സാംസ്കാരിക നിലയം സ്ഥാപിച്ചു. പിന്നീട് 2005 ലാണ് ഇന്ന് കാണുന്ന വിശാലമായ കെട്ടിടം യാഥാര്‍ഥ്യമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്തത്.
നിലയത്തിന്റെ ദൈനംദിനാവശ്യങ്ങള്‍ക്ക് 50,000 രൂപ വീതം വാര്‍ഷിക ഗ്രാന്റായി നല്‍കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇതുവരെ തുകയൊന്നും ലഭിച്ചില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വാക്കു പാലിച്ചില്ലെന്ന് സാംസ്കാരിക കേന്ദ്രം സെക്രട്ടറി പിഎംവി പണിക്കര്‍ പറഞ്ഞു.
എസ്.കെ മ്യൂസിയവും ലൈബ്രറിയും പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കേന്ദ്രത്തില്‍ ലൈബ്രേറിയന്‍, സ്വീപ്പര്‍ തുടങ്ങിയ ജീവനക്കാരുടെ വേതനത്തിന് പുറമേ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥയാണുള്ളത്. മിക്കപ്പോഴും ഭാരവാഹികള്‍ സ്വന്തം കൈയില്‍ നിന്നും പണമെടുത്താണ് കേന്ദ്രം നടത്തിക്കൊണ്ടുപോകുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചില്ലെങ്കില്‍ എസ്.കെ പൊറ്റെക്കാട്ട് എന്ന വിശ്വവിഖ്യാത സാഹിത്യകാരന്റെ സ്മരണ നിലനിര്‍ത്തുന്ന അദ്ദേഹത്തിന്റെ ജന്മനാട്ടിലുള്ള ഈ സാംസ്കാരിക കേന്ദ്രം അടച്ചു പൂട്ടേണ്ടി വരുമെന്നുറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ അത് സാംസ്കാരിക കേരളത്തിന് തന്നെ നാണക്കേടായിരിക്കുമെന്ന് സാഹിത്യകാരന്മാരും ചൂണ്ടിക്കാട്ടുന്നു.