കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയ്ക്ക് തുടക്കം കുറിക്കാന്‍ മഞ്ചേശ്വരം ഒരുങ്ങി. ഉപ്പളയില്‍ രാവിലെ 10 ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് വിമോചനയാത്ര ഉദ്ഘാടനം ചെയ്യുക. വികസിത കേരളത്തിനായി എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യങ്ങളുമായാണ് യാത്ര.
കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ദേശീയ സെക്രട്ടറി എച്ച്.രാജ, ദക്ഷിണ കര്‍ണാടക എം.പി നളിന്‍ കുമാര്‍ കട്ടീല്‍ തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. വികസിത കേരളത്തിനായി പോരാടാനുള്ള പ്രതിജ്ഞ നടന് സുരേഷ് ഗോപി ചൊല്ലി കൊടുക്കും. വന്ദേമാതര ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിനു നല്കിയ വികസന പദ്ധതികളുടെ ഹൃസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും പരിപാടിയിലുണ്ടാകും. സുരേഷ് ഗോപി തന്നെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ചൂഷണവും അധപതനവും സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ജനവികാരത്തെ ഒപ്പിയെടുത്തു കൊണ്ടുള്ള സമൂല മാറ്റമാണ് വിമോചന യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് വിമോചന യാത്രയ്ക്ക് ആദ്യദിനം സ്വീകരണമൊരുക്കുക. വിപുലമായ ഒരുക്കങ്ങളാണ് വിമോചനയാത്രയെ വരവേല്‍ക്കാന്‍ ജില്ലയില്‍ നടത്തിയിരിക്കുന്നത്.
21 ദിവസം കൊണ്ട് 140 നിയോജകമണ്ഡലങ്ങളും പിന്നിടും. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ഉദ്ഘാടനം ചെയ്യുക.
യാത്രയ്ക്ക് മുന്നോടിയായി കുമ്മനം രാജശേഖരന് രാവിലെ മാറാട് കടപ്പുറം സന്ദര്‍ശിച്ചു. മാറാട് ബലിദാനികളുടെ ചിത്രങ്ങളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. തന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണ് മാറാടെന്ന് പ്രദേശവാസികള്‍ ഒരുക്കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.