ഹൈദരാബാദ്: നടി കല്പന അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഷൂട്ടിംഗിന് എത്തിയ കല്പനയെ രാവിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ മരിച്ച നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിംഗിനായിട്ടാണ് അവര്‍ ഹൈദരാബാദില്‍ എത്തിയത്.
രാവിലെ നാലരയ്ക്ക് കല്പന ഉണര്‍ന്നതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ആറരയ്ക്ക് ഷൂട്ടിംഗിന് പോകാനായി വരാമെന്ന് ആയിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മുറിയില്‍ നിന്ന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തമിഴും തെലുങ്കും ഉള്‍പ്പെടെ മുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ബാലതാരമായിട്ടാണ് സിനിമയില്‍ എത്തിയത്. അരവിന്ദന്റെ പോക്കുവെയില്‍ എന്ന സിനിമയിലൂടെയാണ് അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധേയമാകുന്നത്. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുളള ദേശീയ പുരസ്കാരം ലഭിച്ചു.
നടിമാരായ കലാരഞ്ജിനി, ഉര്‍വ്വശി എന്നിവര്‍ സഹോദരിമാരാണ്. നാടക പ്രവര്‍ത്തകരായിരുന്ന വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്.
സംവിധായകന് അനിലിനെ വിവാഹം കഴിച്ചെങ്കിലും പതിനഞ്ച് വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം 2012 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശ്രീമയിയാണ് മകള്‍.