ആലപ്പുഴ : ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ പോലിസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം. തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെയുള്ള പോലിസുകാരെയാണ് പാനൂര്‍ കേന്ദ്രീകരിച്ച് കരിമണല്‍ കടത്തുന്ന സംഘം ആക്രമിച്ചത്. സിവില്‍പോലിസ് ഓഫിസര്‍ സുധീഷിന് ശുരുതരമായി പരുക്കേറ്റു.
കിരീടം സിനിമയിലെ രാമപുരം പോലിസ് സ്റ്റേഷനെക്കാള്‍ ഭീകരാവസ്ഥയാണ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട തൃക്കുന്നപ്പുഴ സ്റ്റേഷന് പരിധിയില്‍ നിലനില്‍ക്കുന്നത്. തുക്കുന്നപ്പുഴ പാനൂര്‍ ഭാഗം കേന്ദ്രീകരിച്ച് 11 കേസുകളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പോലിസിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് മാത്രം രജിസ്റ്റര്‍ ചെയ്തത്.
പാനുര്‍ ഭാഗത്തുനിന്നും മീന്‍വണ്ടിയില്‍ കരിമണല്കടത്തുന്നെന്ന് രഹസ്യ വിവരം ലഭിച്ചതറിഞ്ഞ് പരിശോധനയ്ക്കായി പുറപ്പെട്ടതായിരുന്നു തൃക്കുന്നപ്പുഴ എസ്.ഐയും സംഘവും. പാനൂര്‍ ഭാഗത്ത് റോഡരുകില്‍ നിര്‍ത്തിയിരുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസിന് മർദ്ദനമേറ്റത്
അക്രമത്തില്‍ സുധീഷ്, വിഷ്ണു സനല്‍ തുടങ്ങിയ പോലിസുകാര്‍ക്ക് പരുക്കേറ്റു. ഇതില്‍ സുധീഷിന്റെ പരിക്ക് ഗുരുതരമാണ്. കേസുമായി ബന്ധപ്പെട്ട് അന്‍സര്‍, സനൂപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ എസ് ഡി പി ഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.
പാനൂര്‍ ഖേലയില്നിന്നും പോലീസിന്റെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കിനിര്ത്തുകയെന്ന ലക്ഷ്യമാണ് നിരന്തരം പോലിസിനെ ആക്രമിക്കുന്നതിനു പിന്നില്‍. തീരദേശമേഖലയായ ഇവിടെ രാജ്യസുരക്ഷക്കുതന്നെ ഭീഷണി ഉയര്‍ത്തുന്ന പ്രര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് സൂചന.
അതേസമയം കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികള്‍ പോലിസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.