വിജയവാഡ : മകന്റെ മരണത്തിൽ രാഷ്ട്രീയം കളിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പിതാവ് . ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ പിതാവ് മണികുമാറാണ് പ്രശ്നം രാഷ്ട്രീയവത്കരിക്കുന്നവർക്കെതിരെ പ്രത്രസമ്മേളനത്തിൽ പ്രതികരിച്ചത് .
തന്റെ മകൻ ദളിത് വിഭാഗത്തിൽ പെട്ടതല്ലെന്നും തങ്ങൾ പിന്നാക്ക വിഭാഗത്തിൽ പെട്ട വദ്ദേര ജാതിയാണെന്നും മണികുമാർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തന്റെ ഭാര്യയ്ക്ക് എങ്ങനെയാണ് ദളിത് സർട്ടിഫിക്കറ്റ് കിട്ടിയതെന്ന് അറിയില്ലെന്നും മണികുമാർ പറഞ്ഞു .
രോഹിത് മനക്കരുത്തുള്ള യുവാവാണെന്നും അയാൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മണികുമാർ വ്യക്തമാക്കി . രോഹിതിന്റെ ആത്മഹത്യക്കുറിപ്പ് സ്വന്തമായി തയ്യാറാക്കിയതാണോയെന്ന് സംശയമുണ്ട് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആരെങ്കിലും അവനെ കൊന്നതാകാൻ സാദ്ധ്യതയുണ്ട് .അതുകൊണ്ട് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മണികുമാർ ആവശ്യപ്പെട്ടു.
എ ബി വി പി നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട രോഹിത് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു . തുടർന്ന് ദളിത് പീഡനം ആരോപിച്ച് പ്രതിഷേധം നടന്നു വരികയാണ് . ഹൈദരാബാദ് സർവകലാശാലയിലെ പ്രശ്നങ്ങൾ മാനവശേഷി വികസന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയ കേന്ദ്രമന്ത്രിയും സർവകലാശാല വൈസ് ചാൻസലറും രാജിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം .
രോഹിതിനൊപ്പം പുറത്താക്കപ്പെട്ട നാലുപേരെ ഇതിനോടകം തിരിച്ചെടുത്തു കഴിഞ്ഞെങ്കിലും സമരക്കാർ പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ് .
അതേസമയം രോഹിതിന്റെ ആത്മഹത്യക്കുറിപ്പിൽ സ്വന്തം സംഘടനയായ അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷനെതിരേയും എസ് എഫ് ഐക്കെതിരേയും പരാമർശങ്ങളുണ്ടായത് ചർച്ചയായിട്ടുണ്ട് . ഈ വരികൾ രോഹിത് വെട്ടിയിട്ടുണ്ടെങ്കിലും പിന്നീട് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു .
രോഹിതിന്റെ പ്രണയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ് . രോഹിത് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്ന സഹപാഠിയുടെ തുറന്ന് പറച്ചിലിനെതിരെ ദളിത് സംഘടനാ നേതാക്കൾ രംഗത്തെത്തിയിരുന്നു . മാത്രമല്ല രോഹിതിന്റെ വിഷയത്തിൽ മാദ്ധ്യമ ശ്രദ്ധ നേടാൻ ചില സവർണ വിദ്യാർത്ഥി നേതാക്കൾ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട് .
എന്തായാലും കേന്ദ്രസർക്കാരിനെതിരെ വീണുകിട്ടിയ വടി ഉപയോഗിക്കാൻ ബദ്ധപ്പെടുന്ന വിഭാഗങ്ങൾക്ക് തിരിച്ചടിയാവുകയാണ് രോഹിതിന്റെ പിതാവിന്റെ വെളിപ്പെടുത്തലുകൾ .