ന്യൂഡല്‍ഹി: കശ്മീര്‍ വിഘടനവാദി നേതാവും ഹൂറിയത് കോണ്‍ഫറന്‍സ് ചെയര്‍മാനുമായ സയ്യീദ് അലി ഷാ ഗീലാനിയുമായി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ചര്‍ച്ച നടത്തി. ഡല്‍ഹിയിലായിരുന്നു ചര്‍ച്ച. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെയായിരുന്നു കൂടിക്കാഴ്ച.
കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും അവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പ്രകാരം വൈകാതെ പരിഹരിക്കുമെന്ന് അബ്ദുള്‍ ബാസിത് പ്രതീക്ഷ പ്രകടിപ്പിച്ചു. കശ്മീരിലെ ജനങ്ങള്‍ക്ക് ധാര്‍മികവും രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ പിന്തുണയും നല്‍കുമെന്ന് അബ്ദുള്‍ ബാസിത് ഗീലാനിയെ അറിയിച്ചു. നേരത്തെ അബ്ദുള്‍ ബാസിത് വിഘടനവാദികളുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ പാകിസ്ഥാനുമായുള്ള വിദേശകാര്യസെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പോലും ഇന്ത്യ പിന്മാറിയിരുന്നു.
ഇരുവരും തമ്മില്‍ ഇപ്പോള്‍ കൂടിക്കാഴ്ചയ്ക്കെതിരേ ശക്തമായ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. ഐഎസ്ഐയ്ക്ക് വേണ്ടിയാണ് പാക് ഹൈക്കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നതെന്നും കൂടിക്കാഴ്ചയില്‍ ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു. കൂടിക്കാഴ്ച നിര്‍ഭാഗ്യകരമായെന്നും കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി കശ്മീരില്‍ ഗീലാനി എന്താണ് ചെയ്യുന്നതെന്ന് എല്ലാവര്ക്കും അറിയാവുന്നതാണെന്നും ബിജെപി നേതാവ് രവീന്ദര്‍ റെയ്ന പ്രതികരിച്ചു.
പാകിസ്ഥാന്റെ ഏജന്റാണ് ഗീലാനിയെന്നും കൂടിക്കാഴ്ചയെക്കുറിച്ച അന്വേഷണം നടത്തി കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണമെന്നും രവീന്ദര്‍ റെയ്ന ആവശ്യപ്പെട്ടു.