ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഭിഭാഷകരായ രാജു രാമചന്ദ്രന്, കെ രാമമൂര്‍ത്തി എന്നിവരെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. വികാരപരമായ വാദ്ങ്ങള് അംഗീകരിക്കില്ലെന്നും ആത്മീയവും ഭരണഘടനാപരവുമായ വാദങ്ങളാകും പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി.
1991 ല്‍ ഇത് സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്ന യംഗ് ലോയേഴ്സ് അസോസിയേഷന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് പരിപൂര്ണ്ണന് പുറപ്പെടുവിച്ച വിധി സ്റ്റേചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ അപേക്ഷ. യംഗ് ലോയേഴ്സ് അസോസിയേഷനു വേണ്ടി ഹാജരായ രവിപ്രകാശ് ഗുപ്ത ഇത് സ്ത്രികള്‍ക്ക് ലഭിയ്ക്കേണ്ട ഇടക്കാല ആശ്വാസമാണെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന് കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക പ്രായപരിധിയില്‍ മാത്രമാണ് പ്രവേശനം സാധ്യമല്ലാത്തത്. ഈ നിയന്ത്രണത്തിന് കാനനക്ഷേത്രത്തിന്റെ വിശ്വാസങ്ങളും സങ്കല്പങ്ങളുമായി ബന്ധമുണ്ടെന്നും കെ.കെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി. ഭഗവാന് ആണ്- പെണ് വ്യത്യാസമില്ലെന്നും ആത്മീയത പുരുഷന് മാത്രമല്ലെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി.