തലശേരി: കതിരൂര്‍ മനോജ് വധഗൂഢാലോചനകേസില് റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും അപേക്ഷ നല്കി. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. നേരത്തെ നല്കിയ അപേക്ഷയുടെ തീയതി കഴിഞ്ഞതിനാലും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് വൈകിയതിനാലും അത് പിന്‍വലിച്ച് വൈകിട്ട് മൂന്ന് മണിയോടെ പുതിയ അപേക്ഷ നല്‍കുകയായിരുന്നു. നാളെ കോടതി അപേക്ഷ പരിഗണിക്കും.
16 മുതല്‍ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു സിബിഐ ആദ്യം നല്കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ തീയതി കഴിഞ്ഞതിനാല്‍ സാങ്കേതികമായി അപേക്ഷ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പിന്‍വലിക്കുന്നതായി സി.ബി.ഐ രാവിലെ കോടതിയെ അറിയിച്ചിരുന്നു. ഇതോടൊപ്പം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രാവിലെ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയില്‍ ലഭിക്കാന്‍ വൈകുകയും ചെയ്തു. ഇതും അപേക്ഷ പിന്‍വലിക്കാന്‍ കാരണമായി. ഇതിന് ശേഷമാണ് വൈകിട്ട് സിബിഐ പുതിയ അപേക്ഷ നല്‍കിയത്.
ജയരാജനെ നാല്പത്തിയെട്ട് മണിക്കൂര്‍ നിരീക്ഷിച്ച ശേഷമേ ചോദ്യം ചെയ്യാനായി വിട്ടു നല്കാനാകൂവെന്നാണ് വിദഗ്ധ ഡോക്ടര്‍മരുടെ സംഘം നല്കുന്ന റിപ്പോര്‍ട്ട്. നാല് തവണ ആന്‍ജിയോപ്ലാസ്റ്റി നടത്തുകയും നെഞ്ചുവേദന വിട്ടുമാറാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജയരാജനെ മെഡിക്കല്‍ നിരീക്ഷണത്തില്‍ കിടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഏഴ് പേരടങ്ങുന്ന വിദഗ്ദഡോക്ടര്‍മാരുടെ സംഘമാണ് ജയാജന്റെ ആരോഗ്യനില വിലയിരുത്തുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കൈമാറി.
അതേസമയം, റിമാന്‍ഡിലായ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജയരാജനെ പരിശോധിച്ച മെഡിക്കല്‍ ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ സി.പി.എമ്മിന്റെ സ്വാധീനമുണ്ടായിരുന്നോ എന്ന കാര്യം സി.ബി.ഐ അന്വേഷിച്ചു വരികയാണ്.