ക്രൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ് ഇനി ന്യൂസീലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് സ്വന്തം. തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിലാണ് മക്കല്ലത്തിന്റെ റെക്കോര്‍ഡ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 54 പന്തിലാണ് മക്കല്ലം സെഞ്ചുറി തികച്ചത്. 16 ബൗണ്ടറിയും നാല് സിക്‌സറും അടങ്ങുന്നതാണ് മക്കല്ലത്തിന്റെ പന്ത്രണ്ടാം ടെസ്റ്റ് സെഞ്ച്വറി.
1986ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സ് ഇംഗ്ലണ്ടിനെതിരെ നേടിയ 56 പന്തിലെ സെഞ്ച്വറിയുടെ റെക്കോര്‍ഡാണ് മക്കല്ലം തിരുത്തിയത്. 2014ല്‍ പാക്കിസ്ഥാന്റെ മിസ്ബാഹ് ഉള്‍ഹഖും 56 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളുടെ റെക്കോര്‍ഡും മക്കല്ലം സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ താരം ആഡം ഗില്‍ക്രിസ്റ്റിന്റെ പേരിലെ 100 സിക്‌സറുകളുടെ റെക്കോര്‍ഡാണ് മക്കല്ലം മറികടന്നത്.
എന്നാല്‍, നിര്‍ണായക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 370 റണ്‍സിന് പുറത്തായി. തുടക്കത്തിലെ തകര്‍ച്ചയ്‌ക്കുശേഷം അഞ്ചാം വിക്കറ്റില്‍ മക്കല്ലവും കോറി ആന്‍ഡേഴ്‌സണും ചേര്‍ന്നു കൂട്ടിച്ചേര്‍ത്ത 179 റണ്‍സാണ് കിവീസ് സ്‌കോര്‍ 300 കടത്തിയത്. 66 പന്തില്‍ എട്ടു ഫോറും നാലു സിക്‌സുമുള്‍പ്പെടെ 72 റണ്‍സെടുത്ത ആന്‍ഡേഴ്‌സനെ നഥാന്‍ ലിയോണ്‍ മടക്കി. അവസാന വിക്കറ്റില്‍ ട്രെന്റ് ബോള്‍ട്ടിനെ കൂട്ടുപിടിച്ച് വാട്‌ലിങ് നടത്തിയ രക്ഷാപ്രവര്‍ത്തനം കിവീസ് സ്‌കോര്‍ 370ല്‍ എത്തിച്ചു. വാട്‌ലിങ് 57 പന്തില്‍ 58 റണ്‍സെടുത്ത് പുറത്തായി. ബോള്‍ട്ട് 14 റണ്‍സോടെ പുറത്താകാതെ നിന്നു. ഓസീസിനായി ലിയോണ്‍ രണ്ടും ഹെയ്‌സല്‍വുഡ്, പാറ്റിന്‍സണ്‍, ബേര്‍ഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.















