ലോസ് ആഞ്ചലസ്: ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് ലോകസിനിമ. ഇന്ത്യന്‍ സമയം നാളെ രാവിലെ 5.30നാണ് പുരസ്‌കാരം പ്രഖ്യാപനചടങ്ങുകള്‍ ആരംഭിക്കുക. 88-ാമത് ഓസ്‌ക്കാര്‍ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി എട്ട് ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. എന്നാല്‍ ഗോള്‍ഡന്‍ ഗ്ലോബിന്റെ തിളക്കവുമായി നില്‍ക്കുന്ന ദി റെവനെന്റ് ഓസ്‌കര്‍ വേദിയിലും അത് ആവര്‍ത്തിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 12 നോമിനേഷനുകളാണ് ദി റെവനെന്റിന് ലഭിച്ചിരിക്കുന്നത്.
ബ്രയാന്‍ ക്രാന്‍സ്റ്റണ്‍, മാറ്റ് ഡാമന്‍, ലിയനാര്‍ഡോ ഡികാപ്രിയോ, മൈക്കല്‍ ഫാസ്‌ബെന്ദര്‍ എന്നിവര്‍ മികച്ച നടനുളള നോമിനേഷനില്‍ ഉണ്ടെങ്കിലും ദി റെവനെന്റിലെ അഭിനയം ഡികാപ്രിയോയെ തുണയ്‌ക്കുമെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. കേറ്റ് ബ്ലാങ്കെറ്റ്, ബ്രീ ലാര്‍സണ്‍, ജെന്നിഫര്‍ ലോറന്‍സ്, ഷാര്‍ലറ്റ് റാംപ്ലിങ് എന്നിവരില്‍ ആരാകും മികച്ച നടിക്കുളള പുരസ്‌കാരം സ്വന്തമാക്കുകയെന്നതും ചൂടേറിയ ചര്‍ച്ചയാണ്.
സംവിധാനത്തിന്റെ അംഗീകാരത്തിനായി ആദം മക്്‌കെ, ജോര്‍ജ് മില്ലര്‍, ലെനി അബ്രഹാംസണ്‍, ടോം മക്കാര്‍ത്തി എന്നിവര്‍ മത്സരരംഗത്തുണ്ടെങ്കിലും റെവനെന്റിന്റെ സംവിധായകന്‍ ഇനരിറ്റുവിനാണ് സാദ്ധ്യത കല്‍പിക്കപ്പെടുന്നത്. ചടങ്ങില്‍ ഇന്ത്യന്‍ താരപരിവേഷവുമായി പ്രിയങ്ക ചോപ്ര അവതാരകയുടെ വേഷത്തിലെത്തും. 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.