ന്യൂഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര വനിതാദിനം. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയാണ് മാര്‍ച്ച് എട്ട് ലോക വനിതാ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.
1857 മാര്‍ച്ച് 8 നാണ് ന്യൂയോര്‍ക്കിലെ തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സംഘടിച്ചത്. ഈ പ്രക്ഷോഭം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് പ്രചോദനമായി. ഇതിനെ ഓര്‍മ്മപ്പെടുത്തിയാണ് 1975 ല്‍ ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 8 വനിതാ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു.
ചട്ടക്കൂടുകള്‍ ഭേദിച്ച് സ്ത്രീകള്‍ ഇന്ന് ഒരുപാട് മുന്നോട്ടു വന്നിരിക്കുന്നു. എല്ലാ മേഖലകളിലും സ്ത്രീശക്തി മാറ്റി നിര്‍ത്താനാവാത്ത കരുത്തായി ജ്വലിക്കുകയാണ്. രാഷ്ട്രീയ ഭരണ സാരഥ്യങ്ങളിലും കലാ കായിക രംഗത്തും അവള് ഇന്ന് കരുത്തുറ്റ സാന്നിദ്ധ്യമാണ്. സ്വയം പര്യാപ്തതയ്ക്കപ്പുറം മറ്റുള്ളവര്‍ക്ക് ആശ്രയമാകാനും നേതൃനിരയില്‍ ശോഭിക്കാനും ഇന്നവള്ക്കാകും.
പൂജിക്കപ്പെടുന്നതിനപ്പുറം ജയിക്കാനും നയിക്കാനും സ്ത്രീയെ പ്രാപ്തയാക്കുന്നതിന് ഈ വനിതാദിനവും പ്രചോദനമാകട്ടെയെന്ന ആശംസിക്കാം. പ്ലാനെറ്റ് 50-50 ബൈ 2030 എന്ന ആശയമാണ് ഇക്കുറി വനിതാ ദിനത്തില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടുവെയ്ക്കുന്നത്. 2030 ഓടെ സ്ത്രീകളുടെ ശാക്തീകരണവും ലിംഗസമത്വവും ഉറപ്പുവരുത്തുകയാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. നാല്പതിലധികം രാജ്യങ്ങളില്‍ ഈ ആശയം മുന്‍നിര്‍ത്തി വിവിധ പരിപാടികള്‍ യുഎന്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നേട്ടങ്ങള്‍ എത്തിപ്പിടിച്ച എല്ലാ വനിതകളെയും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിന് സ്ത്രീകള്‍ നല്കിയ സംഭാവന ഒഴിച്ചുകൂടാനാകാത്തതാണെന്നും അതിന് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ക്ഷേമവും സംരക്ഷണവും അതിജീവനവും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും പ്രധാനമന്ത്രി ഈ ദിനത്തില്‍ അനുസ്മരിച്ചു.