കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ മോശം പരാമര്‍ശം നടത്തിയ മന്ത്രി കെ.സി ജോസഫിനെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ഫെയ്സ്ബുക്കിലൂടെയും കോടതിയില്‍ നേരിട്ടും നടത്തിയ മാപ്പപേക്ഷയെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. കോടതിയെ ആദരിക്കുന്നതായി വിധി കേട്ടശേഷം മന്ത്രി പ്രതികരിച്ചു.
ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിനെതിരേ ഫെയ്സ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് കെ.സി ജോസഫിന് വിനയായത്. പരാമര്‍ശം ചൂണ്ടിക്കാട്ടി വി.ശിവന്‍കുട്ടി എംഎല്‍എ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച മന്ത്രി പി്ന്നീട് ഫെയ്സ്ബുക്കിലൂടെ ഖേദപ്രകടനം നടത്തുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മന്ത്രി നേരിട്ട് ഹൈക്കോടതിയിലെത്തിയും ഖേദം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയ പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മന്ത്രിമാര്‍ ജാഗ്രതപുലര്‍ത്തണമെന്ന് കോടതി മുന്നറിയിപ്പു നല്കി. കേസ് അവസാനിപ്പിക്കുന്നതിനെ വി. ശിവന്‍കുട്ടിയുടെ അഭിഭാഷകന് എതിര്‍ത്തു. തൃശൂര്‍ വിജിലന്‍സ് കോടതിക്കെതിരേ ഉയര്‍ന്ന പരാമര്‍ശങ്ങളും അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതി തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കില്ലെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. വി. ശിവന്‍കുട്ടിയും കോടതിയില്‍ ഹാജരായിരുന്നു.