ജയ്പൂര്‍: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് രാജസ്ഥാനിലെ നഗോരില് പ്രൗഢോജ്ജ്വലമായ തുടക്കം. ആര്‍എസ്എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പ്രതിനിധി സഭയില്‍ നയരൂപീകരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പരിവാര്‍ സംഘടനകളിലേതടക്കം 1500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
വിവിധ വിഷയങ്ങളില്‍ ആര്.എസ്.എസിന്റെയും വിവിധ പരിവാര്‍ സംഘടനകളുടേയും നയരൂപീകരണമടക്കമുള്ള കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. ദേശീയ, സാമൂഹിക , വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനം സംബന്ധിച്ചുളള പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. സംഘടനകളുടെ വാര്‍ഷിക റിപ്പോര്‍ട്ടും അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖയും അവതരിപ്പിക്കും. ആര്.എസ്.എസിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ആയിരുന്ന ബാലസാഹേബ് ദേവറസിന്റെയും ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടേയും ജന്മശതാബ്ദി വാര്‍ഷിക ആഘോഷവും ഡോ. ബി.ആര് അംബേദ്കറിന്റെ 125 -ാം ജന്മദിന വാര്‍ഷികവും സംഘടിപ്പിക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യും.
ആര്.എസ്.എസ് പ്രാന്തീയ കാര്യകര്‍ത്താക്കളും, പരിവാര്‍ സംഘടനകളുടെ പ്രതിനിധികളുമടക്കം 1500 ലേറെ പേര് പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ യുവജനതയെ ദേശീയതയുടെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുവാന്‍ കഴിഞ്ഞതായി പ്രതിനിധി സഭയില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആര്.എസ്.എസ് ശാഖയുടെ പ്രവര്‍ത്തനം രാജ്യത്തെ 5181 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനായി. അഖില ഭാരതീയ പ്രതിനിധി സഭ ഞായറാഴ്ച സമാപിക്കും.