കൊല്‍ക്കത്ത: പാകിസ്ഥാനെക്കാള്‍ സ്നേഹം ലഭിക്കുന്നത് ഇന്ത്യയിലാണെന്ന് പാക് ക്രിക്കറ്റ് നായകന് ഷാഹിദ് അഫ്രീദി. ഇന്ത്യയിലെത്തുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്നും അഫ്രീദി പറഞ്ഞു. ട്വന്റി-20 ലോകകപ്പിനായി പാകിസ്ഥാന് ടീമിനൊപ്പം എത്തിയ അഫ്രീദി കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് എന്നും ആസ്വദിച്ചിരുന്നു. കാരണം ഇവിടുത്തെ ജനങ്ങള്‍ അത്രയേറെ സ്നേഹമാണ് തന്നിട്ടുളളത്. ക്രിക്കറ്റിന് ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ സാധിക്കുമെന്നും സ്പോര്‍ട്സിനെയും പൊളിറ്റിക്സിനെയും രണ്ടായി കാണണമെന്നും അഫ്രീദി പറഞ്ഞു.
ബംഗ്ലാദേശും ഇന്ത്യയുമായുള്ള ആദ്യ രണ്ട് കളികള്‍ നിര്‍ണായകമാണെന്ന് തുറന്ന് സമ്മതിച്ച അഫ്രീദി ആദ്യ കളിയോടെ തന്നെ താളം കണ്ടെത്താന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുമായുളള പോരാട്ടം കടുത്തതാകുമെന്ന് അറിയാമെന്നും അഫ്രീദി പറഞ്ഞു. ബൗളിംഗില്‍ പാകിസ്ഥാന് മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്നും അതില്‍ വിശ്വസിക്കുന്നതായും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ ആശങ്ക സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് പാക് ടീം കൊല്‍ക്കത്തയില്‍ എത്തിയത്. ഈ മാസം 19 നാണ് ഇന്ത്യയ്ക്കെതിരേ പാകിസ്ഥാന് മത്സരിക്കുക.