ന്യൂഡല്‍ഹി: ബ്രിട്ടീഷ് പൗരത്വ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയോട് പാര്‍ലമെന്റ് എത്തിക്സ് കമ്മറ്റി വിശദീകരണം തേടി. സുബ്രഹ്മണ്യന് സ്വാമിയുടെ പരാതി അനുസരിച്ചാണ് രാഹുലിനോട് വിശദീകരണം തേടി എത്തിക്സ് കമ്മറ്റി നോട്ടീസ് അയച്ചത്.
ഗൗരവമുളള ആരോപണമാണ് രാഹുലിനെതിരേ ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കൂമെന്നും കമ്മറ്റി വ്യ്ക്തമാക്കി. സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി മഹേഷ് ഗിരിയും ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കത്ത് നല്‍കിയിരുന്നു.
യുകെ ആസ്ഥാനമായുള്ള കമ്പനിയുടെ രജിസ്ട്രേഷന് രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരത്വമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടറായിരുന്നു രാഹുല്‍. ഇന്ത്യന്‍ പൗരത്വത്തിന്റെ കാര്യം രാഹുല്‍ ഇതില്‍ വെളിപ്പെടുത്തിയിട്ടുമില്ല. ഇതേ തുടര്‍ന്നാണ് ഈ രേഖകള്‍ സഹിതം സുബ്രഹ്മണ്യന് സ്വാമി ഇതിനെതിരേ രംഗത്തെത്തിയത്. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ഉള്‍പ്പെടെയുളള ആവശ്യങ്ങളാണ് സുബ്രഹ്മണ്യന് സ്വാമി ഉന്നയിക്കുന്നത്.
പാര്‍ലമെന്റിലെത്തിയ രാഹുലിനോട് മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ അത് നേരിടുമെന്നായിരുന്നു മറുപടി. എന്നാല്‍ അടിയന്തര പ്രാധാന്യമുളള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് രാഷ്്ട്രീയ ആക്രമണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.