ന്യൂഡല്‍ഹി: വിവാദമായ അഫ്സല് അനുസ്മരണം സംഘടിപ്പിച്ച സംഭവത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറും ഉമര്‍ ഖാലിദും ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് ജെഎന്‍യു ഉന്നതാധികാര സമിതി നിര്‍ദ്ദേശം. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശം ഉളളത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അഫ്സല് അനുസ്മരണത്തിന് നേതൃത്വം വഹിച്ചതിനാണ് ഉമര്‍ ഖാലിദ് അടക്കമുളളവരെ പുറത്താക്കണമന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജെഎന്‍യുവിലെ സംഭവങ്ങളെ ന്യായീകരിച്ചിരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍ തിരിച്ചടിയായിരിക്കുകയാണ് സംഭവത്തില്‍ 21 വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് സമിതി കണ്ടെത്തിയതായി സര്‍വ്വകലാശാല ഇന്നലെ അറിയിച്ചിരുന്നു.
സര്‍വ്വകലാശാലയുടെ പെരുമാറ്റച്ചട്ടം ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. നാളെയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍വ്വകലാശാല അധികൃതരുടെ നീക്കത്തെ പ്രതിരോധിക്കാന്‍ കനയ്യയും സംഘവും ശ്രമം തുടങ്ങി. വിദ്യാര്‍ഥികളെ അണിനിരത്തി പ്രതിരോധിക്കാനാണ് നീക്കം.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ ആണ് ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചത്. വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് ഉള്‍പ്പെടെയുള്ള അന്വേഷണ സമിതിയുടെ ശുപാര്‍ശകളില്‍ അന്തിമ തീരുമാനമെടുക്കുന്നതും വൈസ് ചാന്‍സലറാണ്.