കൊച്ചി: ലാവ് ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. പിണറായിയെ വെറുതെ വിട്ട കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പിണറായിയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. ആസിഫലിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റീസ് ബി. കമാല്പാഷയാകും ഹര്‍ജി പരിഗണിക്കുക. കേസില്‍ പിണറായിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണക്കിലെടുക്കാതെയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെ ഏഴ് പ്രതികളെ 2013 നവംബര്‍ നാലിനാണ് തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ക്കെതിരേ ചുമത്തിയ അഴിമതിക്കുറ്റവും ഗൂഢാലോചനയും തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
ഉത്തരവിനെ ചോദ്യം ചെയ്ത് അന്വേഷണ ഏജന്‍സിയായ സിബിഐയും കേസില്‍ കക്ഷിയായിരുന്ന ക്രൈം എഡിറ്റര്‍ നന്ദകുമാറുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച് 2014 ഫെബ്രുവരി 11 ന് എതിര്‍കക്ഷികളായ പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉപഹര്‍ജി സമര്‍പ്പിച്ചത്.
കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി സിപിഎമ്മിനെയും പിണറായി വിജയനെയും പ്രതിരോധത്തിലാക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ പിണറായി നടത്തുന്ന നീക്കങ്ങള്‍ക്കും ഹര്‍ജിയിലെ തുടര്‍ നടപടികള്‍ തിരിച്ചടിയാകും.