ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെതിരെയുള്ള സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published by
ജനം വെബ്‌ഡെസ്ക്

 

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഉബൈദാണ് ഹര്‍ജി പരിഗണിക്കുക. പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴ് പേരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ ഉടന്‍ തീര്‍പ്പുണ്ടാകണമെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ആവശ്യം.

സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. ടി. അസഫലിയാണ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്. കേസില്‍ പിണറായിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണക്കിലെടുക്കാതെയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നു.
പ്രതികള്‍ക്കെതിരേ ചുമത്തിയ അഴിമതിക്കുറ്റവും ഗൂഢാലോചനയും തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന്‍ നിരീക്ഷിച്ചാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയത്.

ലാവ്‌ലിന്‍ എന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായതിനാലാണ് ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം.

Share