കണ്ണൂർ: കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനിയർ വിജിലൻസിന്റെ പിടിയിലായി. താഴെചൊവ്വ സ്വദേശിയായ പി. മുഹമ്മദ് അസ്‌ലം ആണ് അറസ്റ്റിലായത്.
കെട്ടിട പെർമിറ്റ് അനുവദിക്കുന്നതിന് ₹20,000 കൈക്കൂലിയാണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് വിജിലൻസ് അറിയിച്ചു. തുടർന്ന് ₹15,000 വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
കൈക്കൂലി തുക കൈപ്പറ്റുന്നതിനായി അപേക്ഷകനോട് കണ്ണൂർ കാൽടെക്സ് പരിസരത്ത് എത്താൻ അസിസ്റ്റന്റ് എൻജിനിയർ ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് സംഘം ഒരുക്കിയ കെണിയിലൂടെയാണ് ഇയാളെ കൈക്കൂലി തുകയുമായി പിടികൂടിയത്.
കെട്ടിട പെർമിറ്റിനായുള്ള അപേക്ഷ കൈക്കൂലി ലഭിക്കുന്നതിനായി ഏകദേശം പത്ത് മാസം വൈകിപ്പിച്ചതായും വിജിലൻസ് കണ്ടെത്തി. സംഭവത്തിൽ തുടർനിയമനടപടികൾ പുരോഗമിക്കുകയാണ്.















