പാലക്കാട്: അട്ടപ്പാടിയിൽ തമിഴ്നാട് പൊലീസ് ആദിവാസിയെ മർദിച്ച് വാരിയെല്ല് ഒടിച്ചെന്ന പരാതിയിൽ അന്വേഷണം ഡിവൈ.എസ്.പി തലത്തിലേക്ക്. പുതൂർ പൊലീസ് അന്വേഷിച്ചിരുന്ന കേസ് അഗളി എസ്.എം.എസ് ഡിവൈ.എസ്.പി ഏറ്റെടുക്കും.
പുതൂർ കുളപ്പടി ഉന്നതി സ്വദേശിയായ മുരുകേശൻ (51) ആണ് മർദനത്തിനിരയായത്. കഞ്ചാവ് കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് രാത്രി വീട്ടിലെത്തിയ തമിഴ്നാട് തടാകം പൊലീസ് സംഘം മുരുകേശനെ മർദിച്ചെന്നാണ് പരാതി.
മർദനത്തിനിടെ മുരുകേശന്റെ ഇരുചക്രവാഹനവും തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മുരുകേശന് വാരിയെല്ല് ഒടിഞ്ഞതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.















