ശ്രീശാന്തിന്റെ വിലക്ക് ഉടന്‍ നീക്കുമെന്ന് പ്രതീക്ഷ: ടി.സി. മാത്യു

Published by
Janam Web Desk

കൊച്ചി: ശ്രീശാന്തിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു പറഞ്ഞു. എന്നാല്‍ ശശാങ്ക് മനോഹര്‍ ഉള്‍പ്പെടെയുള്ള പലരും എതിര്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കെസിഎ ബിസിസിഐക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതായും അദ്ദേഹം കൊച്ചിയില്‍ അറിയിച്ചു.

പലതവണ ബിസിസിഐ യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ ടീമില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇപ്പോഴും ഇക്കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും ടി.സി. മാത്യു പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ 2015-16 ലെ വാര്‍ഷിക പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതായും സീസണിലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള എസ്.കെ നായര്‍ അവാര്‍ഡിന് രോഹന്‍ പ്രേമിനെ തിരഞ്ഞെടുത്തതായും ടി.സി.മാത്യു അറിയിച്ചു. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു വി സാംസണ് പ്രത്യേക പുരസ്‌കാരം നല്‍കും.

ഈ മാസം ഒന്‍പതിന് കൊച്ചിയിലെ ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അടുത്ത വര്‍ഷം കേരളത്തില്‍ കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് തുടങ്ങുമെന്നും കേരള ക്രിക്കറ്റ് ടീമിന് ദേശീയ തലത്തിലെ മികച്ച പരിശീലകരുടെ സഹായം ഏര്‍പ്പെടുത്തുമെന്നും ടി.സി. മാത്യു വ്യക്തമാക്കി.

Share
Leave a Comment