അതിർത്തി ലംഘിച്ചുള്ള പ്രകോപനം ചൈനീസ് സേന തുടരുന്നതായി റിപ്പോർട്ട്.

Published by
Janam Web Desk

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ലംഘിച്ചുള്ള പ്രകോപനം ചൈനീസ് സേന തുടരുന്നതായി റിപ്പോർട്ട്. ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ ബാരാഹോതി മേഖലയിൽ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയുടെ ഹെലികോപ്ടർ അതിർത്തി ലംഘിച്ച് കടന്നതാണ് ഒടുവിലത്തെ സംഭവം. ഇക്കാര്യം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്ഥിരീകരിച്ചു.

ഇന്ത്യ – ചൈന അതിർത്തി പ്രദേശമായ അക്സായി ചിനിലെ ഇന്ത്യൻ ഭൂപ്രദേശത്ത് ചൈനീസ് ബോംബർ ജറ്റ് പ്രവേശിച്ചതിന് പിന്നാലെയാണ് ചൈനീസ് സേനയുടെ ഭാഗത്തുനിന്നും വീണ്ടും പ്രകോപനം ഉണ്ടായത്. ജൂലൈ 19 നാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ബാരാഹോതി മേഖലയിൽ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയുടെ ഹെലികോപ്ടർ അതിക്രമിച്ച് കടന്നത്. ഇക്കാര്യം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്ഥിരീകരിച്ചു.

ഇന്തോ- ടിബറ്റൻ അതിർത്തി സുരക്ഷാ സേന ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ ഒൻപതിന് അരുണാചൽ പ്രദേശിൽ മിന്നൽ ആക്രമണത്തിന് പരിശീലനം നേടിയ ചൈനീസ് സേന അതിക്രമിച്ച് കടന്നത് സംഘർഷത്തിന് ഇടായാക്കിയിരുന്നു.

കിഴക്കൻ കാമെങ് ജില്ലയിലെ യാങ്ട്സെ മേഖലയിലാണ് 250 ഓളം ചൈനീസ് പട്ടാളക്കാർ അതിർത്തി ലംഘിച്ച് എത്തിയത്. നയതന്ത്ര ഇടപെടലിനെ തുടർന്ന് ചൈനീസ് സേന പിൻവാങ്ങുകയായിരുന്നു. ടിബറ്റൻ മേഖലയിലെ ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ ചൈനീസ് സേന അതിർത്തി ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവിടെ 100 ലേറെ യുദ്ധ ടാങ്കുകൾ ഇന്ത്യ വിന്യസിച്ചിരുന്നു.

Share
Leave a Comment