പ്രധാനമന്ത്രിയെ ആവേശത്തോടെ വരവേറ്റ് കോഴിക്കോട്

Published by
Janam Web Desk

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവേശത്തോടെ വരവേറ്റ് സാമൂതിരിനാട്. ബിജെപി പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ് കാവിക്കടലായി മാറിയ കോഴിക്കോടിന്റെ മണ്ണില്‍ പ്രധാനമന്ത്രി എത്തിയതോടെ ആവേശം വാനോളം ഉയര്‍ന്നു.

നാലരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി 5.20 ഓടെയാണ് ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സമ്മേളനവേദിയിലെത്തിയത്. കരിപ്പൂരില്‍ നിന്നും ഹെലികോപ്ടറില്‍ വെസ്റ്റ് ഹില്‍ വിക്രം മൈതാനത്ത് ഇറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗമാണ് കോഴിക്കോടേക്ക് തിരിച്ചത്. മണിക്കൂറുകളായി കാത്തുനിന്ന ജനക്കൂട്ടം പ്രധാനമന്ത്രിയെ കണ്ടതോടെ ഇളകിമറിഞ്ഞു.

ഭാരത് മാതാ കീ ജയ് വിളികള്‍ അലയടിച്ച അന്തരീക്ഷത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി വേദിയിലേക്ക് കടന്നത്. 1008 താമരകള്‍ കോര്‍ത്ത മാലയിട്ടാണ് പ്രധാനമന്ത്രിയെ നേതാക്കള്‍ സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് സംസ്ഥാന ഘടകത്തിന് വേണ്ടി മാല അണിയിച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയെയും താമരയില്‍ കോര്‍ത്ത മാല അണിയിച്ചാണ് സ്വീകരിച്ചത്. പി.കെ കൃഷ്ണദാസാണ് അദ്വാനിക്ക് ഹാരാര്‍പ്പണം നടത്തിയത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, തുടങ്ങി നേതാക്കളുടെ വലിയ നിരയാണ് കോഴിക്കോട് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Share
Leave a Comment