ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത സൈനിക നടപടിക്ക് പിന്നാലെ നയതന്ത്ര രംഗത്തും പിടിമുറുക്കി നരേന്ദ്രമോദി സര്‍ക്കാര്‍. അതിര്‍ത്തിമേഖലയില്‍ നടത്തിയ സൈനിക നടപടിയെക്കുറിച്ച് റഷ്യയും ഫ്രാന്‍സും അമേരിക്കയും ഉള്‍പ്പെടെ 25 രാജ്യങ്ങളോട് ഇന്ത്യ നിലപാട് വിശദീകരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന തരത്തില്‍ പാകിസ്ഥാന്‍ നയതന്ത്ര തലത്തില്‍ ഉപയോഗിക്കാനുളള സാദ്ധ്യത മുന്‍കൂട്ടി കണ്ടാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം.
ഡല്‍ഹിയില്‍ ഈ രാജ്യങ്ങളുടെ പ്രതിനിധികളെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചുവരുത്തിയാണ് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ രാജ്യത്തിന്റെ നിലപാട് ബോധ്യപ്പെടുത്തിയത്. ആക്രമണം നടത്തിയതില്‍ ഇന്ത്യയുടെ ഉദ്ദേശ്യമായിരുന്നു പ്രധാനമായും വിശദീകരിച്ചത്. സൈനിക ഓപ്പറേഷന്‍ എന്നതില്‍ ഉപരി തീവ്രവാദികള്‍ക്കെതിരായ ആക്രമണമാണ് നടത്തിയതെന്നാണ് ഇന്ത്യയുടെ നിലപാട്. സൈന്യം ഇല്ലാതാക്കിയത് ജമ്മു-കശ്മീരിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ആക്രമണം നടത്താന്‍ തയ്യാറായിരുന്ന തീവ്രവാദികളെയും അവരുടെ ക്യാമ്പുകളുമാണെന്നും ഇന്ത്യ വിശദീകരിച്ചു.
സൈനിക നടപടി തുടരാന്‍ ഉദ്ദേശ്യമില്ലെന്നും എന്നാല്‍ ഇങ്ങോട്ട് പ്രകോപനം ഉണ്ടായാല്‍ ഇനിയും തിരിച്ചടിക്കുമെന്നുമുളള ഇന്ത്യയുടെ നിലപാടും സര്‍ക്കാര്‍ ഈ രാജ്യങ്ങളോട് വ്യക്തമാക്കി. ചൈന അടക്കമുളള അയല്‍ രാജ്യങ്ങളുടെ പ്രതിനിധികളോടും ഇന്ത്യ നിലപാട് വിശദീകരിച്ചിട്ടുണ്ട്.
നേരത്തെ ഉറി ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയ്‌ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. നിരവധി രാഷ്‌ട്രങ്ങള്‍ ഭീകരപ്രവര്‍ത്തനത്തോട് പാകിസ്ഥാന്‍ പുലര്‍ത്തുന്ന മൃദുസമീപനത്തിനെതിരേ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ ആക്രമണമായതിനാലാണ് ഇന്ത്യ സൈനിക നടപടിയെക്കുറിച്ച് മറ്റ് രാജ്യങ്ങളോടും വിശദീകരിച്ചത്.