അഴിമതിയും കളളപ്പണവും ഇനി വികസനത്തെ തടയില്ല: പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: നോട്ട് നിരോധനത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാരിന്റെ ധീരമായ തീരുമാനത്തിൽ സഹകരിച്ച ജനങ്ങൾ ഒറ്റക്കെട്ടായി കളളപ്പണത്തിനെതിരായുള്ള പോരാട്ടത്തിന് അണിനിരക്കണമെന്നും മോദി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.

അഴിമതിക്കും ഭീകരവാദത്തിനും കളളപ്പണത്തിനും എതിരായ ഇപ്പോഴത്തെ യജ്ഞത്തിൽ പൂർണ ഹൃദയത്തോടെ പങ്കുകൊളളുന്ന ഇന്ത്യൻ ജനതയെ താൻ നമിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നോട്ട് അസാധുവാക്കൽ നടപടിയെ പിന്തുണച്ച ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷകർ, വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങി എല്ലാവർക്കും ഈ നടപടിയുടെ ഗുണം ലഭിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി ജനങ്ങൾക്ക് അൽപം പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞകാലത്തെ ഈ വേദനകൾ ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ഗുണങ്ങൾ മാത്രമായി മാറുമെന്നും മോദി കുറിച്ചു.

അഴിമതിയും കളളപ്പണവും നിമിത്തം ഗ്രാമീണ ഇന്ത്യയുടെ വികസനവും സമ്പൽസമൃദ്ധിയും മുരടിച്ചുപോകുന്ന അവസ്ഥ ഇനി ഉണ്ടാകില്ല. നമ്മുടെ രാജ്യത്തെ ഗ്രാമങ്ങൾക്ക് അവർ അർഹിക്കുന്ന പങ്കുതന്നെ ലഭിക്കണമെന്നും മോദി വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകള്‍ക്കായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ചരിത്രത്തെ പുണരാനുള്ള സുവർണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം കളളപ്പണം ഇല്ലാതാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടുത്തരവാദിത്തമാണ്. മാറ്റത്തിന്റെ പ്രതീകമായ യുവാക്കള്‍ ഒറ്റക്കെട്ടായി, കള്ളപ്പണത്തിന് എതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി ട്വിറ്റിലൂടെ ആഹ്വാനം ചെയ്തു.

Share
Leave a Comment