MovieEntertainment

C/O സൈറാ ബാനു – മൂന്നു മാതൃത്വങ്ങളുടെ പോരാട്ടത്തിന്റെ കഥ

രഞ്‌ജിത്ത് ജി കാഞ്ഞിരത്തില്‍.


“വേണമെന്നാഗ്രഹമുള്ള കാര്യങ്ങളിൽ ചിലത് വേണ്ട എന്ന് പറയുവാനുള്ള ധൈര്യമാണ് ഒരു സ്ത്രീയെ ഏറ്റവും കൂടുതൽ ശക്തയാക്കുന്നത്”:.ഏതാണ്ടൊരു വര്ഷം മുൻപ് വന്ന മൂന്നാമിടം എന്ന ഷോർട് ഫിലിമിന്റെ അവസാന ഭാഗത്ത് നായിക പറയുന്ന കൺക്ലൂഷൻ ഡയലോഗ് ആണിത് .പൂർണത കൊണ്ട് ശ്രദ്ധേയമായിരുന്നു മൂന്നാമിടം.അത് നൽകിയ പ്രചോദനമാണ് സൈറാ ബാനു എന്ന ഈ സിനിമ കാണാൻ പ്രേരിപ്പിച്ച ഘടകം.

ഫോട്ടോഗ്രാഫി, മാതൃത്വം, നിയമം എന്നിങ്ങിനെ പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലാത്ത എന്നാൽ ബലിഷ്ഠമായ മൂന്നു നൂലിഴകൾ കൃത്യമായ അളവിൽ ചേർത്തൊരുക്കിയ ഒരു തൂവാല പോലെയാണീ സിനിമ അനുഭവപ്പെടുക. അതോടൊപ്പം തന്നെ കേരളത്തിലെ നിരവധി സാമൂഹിക യാഥാർഥ്യങ്ങളെയും ഈ ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ട്.ഒരു നീണ്ട ഇടവേളയ്ക്കു ശേഷം എന്റെ സൂര്യപുത്രി ഫെയിം, അമല അക്കിനേനി വെള്ളിത്തിരയിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ബലവും ദൗർബല്യവും .
ഫോട്ടോഗ്രാഫി .
—————

17218628_1234398296668107_5601349319914815485_o

ലോ കോളേജ് വിദ്യാർത്ഥി ആയ ജോഷ്വാ പീറ്റർ ജോർജിന് ഫോട്ടോഗ്രാഫിയിലാണ് കമ്പം . വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ചുംബന സമരത്തിൽ ഫോട്ടോഗ്രാഫറായി എത്തുന്ന അവൻ യദൃശ്ചയാ ആ സമരത്തിന്റെ ഭാഗമാകുന്നു.മലയാള രമയിലെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന പീറ്റര്‍ ജോർജ്ജ് ആണ് ജോഷ്വയുടെ അച്ഛന്‍.മഴക്കാടുകളുടെ ചിത്രമെടുക്കാന്‍ പോയ പീറ്റര്‍ മടങ്ങി വന്നില്ല .മനോരമയിലെ ഫോട്ടോഗ്രാഫര്‍ ആയിരുന്ന അന്തരിച്ച ശ്രീമാന്‍ വിക്ടര്‍ ജോർജ്ജിനെ ഓർമിപ്പിക്കുന്ന പീറ്റര്‍ ജോർജ്ജ് പക്ഷേ അരൂപിയാണ് .

ആ കഥാപാത്രത്തിന് ശബ്ദം നല്കുന്നത് മോഹൻ ലാൽ ആണ് .ആ ശബ്ദ രംഗത്തോടു കൂടി പീറ്റര്‍ ജോർജ്ജ് പ്രേക്ഷകന്റെ മുന്നിലെ നിറസാന്നിധ്യമാകുന്നുണ്ട് . ഒരിടത്തും മോഹൻ ല ലിന്റെ ചിത്രം വെക്കുക പോലും ചെയ്യാതെയുള്ള ആ സംവേദനം വളരെ മധുരമായ ഒരനുഭവമാണ് നല്കുന്നത്.ജോയ് മാത്യു അവതരിപ്പിക്കുന്ന കഥാപാത്രം, കേരള ഭൂമിയിലെ പത്രക്കാരന്‍, ജോഷ്വയോട് പറയുന്ന ചില വാചകങ്ങളുണ്ട്.”കാലത്തെ കണ്ടന്റ്  ചെയ്തെടുക്കുന്ന കലയാണ് ഫോട്ടോഗ്രാഫി ,ഒരുനിമിഷത്തിന്റെ അംശത്തെ ഒപ്പിയെടുത്ത് അനശ്വരമാക്കുന്ന വിരുതാണ് ഫോട്ടോഗ്രാഫി, കണ്ണുകൊണ്ടല്ല ഒരു ഫോട്ടോഗ്രാഫര്‍ ഹൃദയം കൊണ്ട് കാണണം “,ഇങ്ങിനെ ക്യാമറയില്‍ താത്‌പര്യമുള്ള ആരെയും ആകർഷിക്കുന്നുണ്ട് ഈ സിനിമ .

മാതൃത്വം .
———-

17311068_1238806636227273_5446217595932032423_o

പെറ്റമ്മ,പോറ്റമ്മ ദ്വന്ദ്വങ്ങള്‍ നിറഞ്ഞ മലയാള സിനിമകളും നോവലുകളും വേറെയും വന്നിട്ടുണ്ട്.ദൃശ്യരായ രണ്ടമ്മമാരും അദൃശ്യയായ ദൂരസ്ഥയായ മൂന്നാമത്തെ അമ്മയും,അങ്ങിനെ മൂന്നമ്മമാരുണ്ട് ഈ ചിത്രത്തില്‍.പ്രപഞ്ചത്തെ മുന്നോട്ട് നയിക്കുന്നത് തന്നെ ജീവികളുടെ അതിജീവനത്വരയാണ്.അത്തരത്തില്‍ താന്‍ പ്രസവിക്കാത്ത മകന്റെ ജീവനു വേണ്ടി കേവലം പ്രീഡിഗ്രീ ക്കാരിയും പോസ്റ്റ് വുമനും ആയ സൈറാ ബാനു നടത്തുന്ന യുദ്ധമാണ് ഇതിന്റെ കേന്ദ്ര ബിന്ദു.

മഞ്ജു വാരിയര്‍ അവതരിപ്പിക്കുന്ന സൈറാ ബാനു എന്ന കഥാപാത്രം അതിശക്തമായ ഒരു സൃഷ്ടിയാണ് .താന്‍ തന്നെയാണ് മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രി എന്നവര്‍ അടിവരയിട്ടുറപ്പിക്കുന്നു.ആനി ജോണ്‍ തറവാടി എന്ന സെലിബ്രിറ്റി വക്കീല്‍ ആണ് രണ്ടാമത്തെ അമ്മ.ചെടിപ്പ് തോന്നിപ്പിക്കുന്ന മീഡിയ ഹൈപ്പുകളുടെ കടും ചായത്തിലാണ് ആ കഥാപാത്രം നിർമ്മിക്കപ്പെട്ടത്.അമലയെ പോലെ സ്റ്റാര്‍ വാല്യൂ ഉള്ള ഒരാള്‍ തന്നെ ആ വേഷം ചെയ്യേണ്ടതുണ്ട്.

പക്ഷേ അവരുടെ പ്രകടനം നിരാശജനകമാം വിധം താഴെയാണ്.ഇത്രക്ക് അസ്വാഭാവികമായി എങ്ങിനെ അഭിനയിക്കാന്‍ കഴിയും എന്നു തോന്നിപ്പോകും ചില രംഗങ്ങള്‍ കണ്ടാല്‍.അവർക്ക്  വേണ്ടിയുള്ള ഡബ്ബിംഗും തീർത്തും പാളി.ചുണ്ടനക്കം കന്യാകുമാരിയില്‍ നില്ക്കു മ്പോള്‍ ശബ്ദം ഗോകർണത്താണുള്ളത്.

മൂന്നാമത്തെ അമ്മ അദൃശ്യയാണ്.കേരളത്തിലേക്ക് തൊഴില്‍ തേടിപ്പോയ മകനെക്കാത്ത് അങ്ങ് ദൂരെ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സോണ്‍പൂർ എന്ന ഗ്രാമത്തില്‍ വ്യസനിച്ചിരിക്കുന്ന ഒരമ്മ.തങ്ങളുടെ മക്കൾക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ രണ്ടമ്മമാര്‍ വിജയിക്കുമ്പോള്‍ ഏറ്റവും ദുർബലയായ ആ അമ്മ തോറ്റുപോകുന്നു. ശക്തമായത് അതിജീവിക്കും എന്നസിദ്ധാന്തത്തിൽ സാധാരണ തോറ്റു പോകുന്നത് ഏറ്റവും ദുർബലര്‍ തന്നെയായിരിക്കുമല്ലോ.
നിയമം
——-

15895474_1176792832428654_7861154455902603906_o

കോടതി രംഗങ്ങളാല്‍ സമൃദ്ധമായ ഒരുപിടി സിനിമകള്‍ മലയാളത്തിലുണ്ട്.താളം തെറ്റിയ താരാട്ടാണ് ഏറ്റവും ശ്രദ്ധേയം.ബാല്യകാലത്ത് കണ്ട ആ ചിത്രത്തിന്റെ സ്വാധീനത്താൽ  കാണുന്ന വക്കീലന്മാര്‍ ഒക്കെ ബാലന്‍ കെ നായരാണ് എന്നു തോന്നിയിരുന്നു.തന്ത്രം ,വിചാരണ , ഒരഭിഭാഷകന്റെ കേസ് ഡയറി അങ്ങിനെ കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലം കൂടി ഉപയോഗിയ്ക്കുന്ന കോടതി സിനിമകള്‍വേറെ . ഫ്ലോപ്പുകളെങ്കിലും ഭീക്ഷ്മാചാര്യയും അരങ്ങും പരാമർശിക്കേണ്ടതുണ്ട്.
എന്തു തന്നെയായാലും മലയാളത്തിലെ കോടതി സിനിമകളുടെ ലിസ്റ്റില്‍ ഇനി സൈറാ ബാനുവും ഉണ്ടാകും.മറ്റാരും കൈവെച്ചിട്ടില്ലാത്ത തലത്തില്‍ നിയമ മേഖലയെ ഉലയ്ക്കുന്നുണ്ട് ഈ പാവം സൈറാ ബാനു.കേസുകള്‍ ക്യാൻവാസ് ചെയ്യാന്‍ തിരക്കു കൂട്ടുന്ന വക്കീലന്മാര്‍.കേസില്ലെങ്കില്‍ വേണ്ട തനിക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി തന്നാല്‍ മതി എന്നു പറയുന്നവര്‍.

17424597_1505784509432469_8254296958233183487_n

അതേ കോടതി വരാന്തയില്‍ രണ്ടു വർഷത്തെ ബാങ്ക് സ്റ്റേറ്റ് മെന്റ് വാങ്ങിവെച്ച ശേഷം മാത്രം ക്ലയന്റിനെ സ്വീകരിക്കുന്ന പഞ്ചനക്ഷത്ര വക്കീലന്മാര്‍.സാമ്പത്തിക ഭദ്രതയില്ലാത്തവരുടെ കോടതി വാസം മറ്റൊരു നരകമാണ് എന്നുള്ള യാഥാർത്ഥ്യം .ലീഗല്‍ എയ്ഡ് എന്ന സമ്പ്രദായത്തിന്റെ നിഷ് ഫലത യെ കണക്കറ്റ് പരിഹസിക്കുന്നു ഈ സിനിമ.ഇന്നേ വരെ ലീഗല്‍ എയ്ഡ് വക്കീല്‍ വാദിച്ച ഏതെങ്കിലും ഒരു കേസ് ജയിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യം നമ്മുടെ നിയമ സംവിധാനത്തിന് നേരെയുള്ള ചാട്ടുളിയാണ്.ഒടുവില്‍ നിയമം നല്കുന്ന ഒരാനുകൂല്യം ഉപയോഗിച്ച് മകനെ രക്ഷിക്കാന്‍ സൈറാ ബാനു തന്നെ കേസ് വാദിക്കുന്നു.

അന്യ സംസ്ഥാന തൊഴിലാളി എന്നുള്ള സർവ്വനാമത്തില്‍ അറിയപ്പെടുന്ന മനുഷ്യരെ ക്കുറിച്ചും അവരുടെ ജീവിത സാഹചര്യങ്ങളെ ക്കുറിച്ചും മലയാളിയെ ആഴത്തില്‍ ചിന്തിപ്പിക്കുന്നുണ്ടീ ചിത്രം.രാഷ്ട്രീയമായി ഒരേ സ്വഭാവമുള്ള ചെങ്കൊടിക്ക് നല്ല വേരോട്ടമുള്ള ഭൂമികകളാണ് കേരളവും ബംഗാളും.എന്തുകൊണ്ടാണീ ദേശങ്ങള്‍ ജീവിത നിലവാരത്തിന്റെന്റെ കാര്യത്തില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ ആയിപ്പോയത് .നാലു പതിറ്റാണ്ടു ഇടതുപക്ഷം അടക്കി ഭരിച്ച ബംഗാളില്‍ നിന്നിങ്ങോട്ട് ഭിക്ഷാം ദേഹികളുടെ കുത്തൊഴുക്കാണ്.അവരുടെ ഐഡന്റിറ്റി,ജീവിത സാഹചര്യങ്ങള്‍ ,അവര്‍ ഇന്ത്യക്കാർ തന്നെയോ ഇതൊന്നും ഒരു ശരാശരി മലയാളിക്ക് വിഷയമേയല്ല.അത്തരം ചോദ്യങ്ങളുടെ പൊള്ളുന്ന പ്രതലത്തെ ഈ സിനിമ സ്പർശിക്കുന്നുണ്ട്.

c-o-saira-banu-amala-akkineni-manju-warrier-c-o-saira-banu-review
പെറ്റമ്മ –പോറ്റമ്മ കഥകളില്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന്റെ ഒരു വിപുലീകരിച്ച പതിപ്പ് എന്നു തോന്നുമ്പോഴും ഈ സിനിമ പൂർണമാണ്.തന്റെ വളർത്തു മകന് വേണ്ടിയുള്ള പോരാട്ടത്തില്‍ സൈറാ ബാനു എന്ന പ്രീഡിഗ്രീക്കാരി കോടതിയില്‍ കേസ് വാദിച്ചു ജയിക്കുമ്പോഴും സ്വന്തം മകനെ ക്കാത്ത് അങ്ങ് ദൂരെ സിലിഗുരിയിലേങ്ങോ ഉള്ള ആ അവികസിത പ്രദേശത്ത് കഴിയുന്ന ആ മൂന്നാമത്തെ അമ്മയിലാണ് കഥ അവസാനിക്കുന്നത്.തീയേറ്റര്‍ വിട്ടുപോകാന്‍ പ്രേക്ഷകര്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ കൊൽക്കത്തയിൽ, മാൽഡ റെയിൽവേ സ്റ്റേഷനിൽ , ആ അമ്മയെ തിരക്കി നടക്കുന്ന സൈറാ ബാനുവാണ് സ്ക്രീനില്‍.

ജോഷ്വ പീറ്ററായി അഭിനയിക്കുന്ന ഷെയ്ന്‍ നിഗമാണ് ഈ സിനിമയിലെ മറ്റൊരു താരം.മാനറിസങ്ങളില്‍ വിഷാദത്തിന്റെ മേമ്പൊടി തൂകിയുള്ള ശൈലിയിലൂടെ യാണ് ആദ്യ ചിത്രമായ കിസ്മത്തിലും ഷെയ്ന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതേ സ്റ്റൈലില്‍ മുന്നോട്ട് പോയാല്‍ വേണു നാഗവള്ളി ക്കു പകരക്കാരനായി വിഷാദ കാമുകനായി മലയാള സിനിമയില്‍ അവരോധിക്കപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നുള്ള അപകടം ഷെയ്ന്‍ മുന്‍ കൂട്ടി കാണണം.

17389227_1910404572504856_3562417301561792905_o

സിനിമ മൊത്തത്തില്‍ നല്ലതാണ് എന്നു പറയുമ്പോഴും മൂന്നുകല്ലു കടികള്‍ പറയാതെ പോകുക വയ്യ. നന്ദി എഴുതിക്കാണിക്കുമ്പോള്‍ അക്കിനേനി നാഗാർജുനക്ക് (അമലയുടെ ഭർത്താവ് ) നന്ദി സൂചിപ്പിക്കുന്നുണ്ട്. ഭാര്യയെ അഭിനയിക്കാന്‍ വിട്ടതിന് ഭര്‍ത്താവിന് നന്ദി പറയുന്ന പുതിയ കീഴ്വഴക്കം തുടങ്ങി എന്നനുമാനിക്കാം.
അച്ഛന്റെ സമകാലീനര്‍ ആരും മലയാള രമയില്‍ ഇല്ലാത്തത് കൊണ്ടാണോ എന്തോ..മലയാള രമയിലെ പ്രശസ്തനായ ന്യൂസ് ഫോട്ടോ ഗ്രാഫറുടെ മകന്‍ ഉപദേശം തേടി കേരള ഭൂമിയിലാണ് എത്തുന്നത്.

തന്റെ വളര്ത്തു മകനെ നിയമവും നീതിപാലകരും കൂടി കൽത്തുറുങ്കില്‍ അടച്ചപ്പോള്‍ അതില്‍ നിന്നവനെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയ സൈറാ ബാനുവിനെ ഈച്ചരവാരിയരിലേക്ക് സന്നിവേശിപ്പിക്കുന്ന ഒരു രംഗമുണ്ട്.ബുക്സ്റ്റാളില്‍ കൈതട്ടി വീഴുന്ന ഒരുകൂട്ടം മാസിക കളുടെ ഇടയില്‍ നിന്നും സൈറക്ക് ഈച്ചരവാരിയരുടെ മുഖാചിത്രവുംഇൻസൈറ്റിൽ രാജനും ഉള്ള ഒരു മാതൃഭൂമി കിട്ടുന്നുണ്ട്.സിവിക് ചന്ദ്രന്‍ എഴുതിയ എന്തിനാണ് നിങ്ങള്‍ എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത് എന്നുള്ളനാടകം കവര്‍ സ്റ്റോറിയായ മാതൃഭൂമി വാരിക. പക്ഷേ അങ്ങനെ ഒരു കവര്‍ സ്റ്റോറി വന്നത് മാധ്യമം വാരികയിലാണ് എന്നു മാത്രം .

421 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close