ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും സിനിമാ ആസ്വാദകരെയും ഒരേപോലെ കണ്ണീരിലാഴ്‌ത്തി പ്രമുഖ നടനും സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു. വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. തനതായ അഭിനയശൈലി കൊണ്ടും മൂര്‍ച്ചയേറിയ സിനിമാ വിലയിരുത്തലുകള്‍ കൊണ്ടും തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥത്തില്‍ ബെംഗളൂരു സ്വദേശിയായ സത്യേന്ദ്ര ചെന്നൈ കേന്ദ്രീകരിച്ചാണ് തന്റെ കലാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. നിലവില്‍ ബന്ധുക്കള്‍ എത്തുന്നതുവരെ അദ്ദേഹത്തിന്റെ ഭൗതികദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ് സിനിമയിലെ ക്ലാസിക് ചിത്രങ്ങളായ ‘മണ്‍വാസനൈ’, ‘ഏഴാവത് മനിതന്‍’, ‘കടമൈ കണ്ണിയം കട്ടുപ്പാട്’ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സത്യേന്ദ്രയ്‌ക്ക് സാധിച്ചു.
വലിയ സ്‌ക്രീനിലെ അഭിനയത്തിന് പുറമെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും അദ്ദേഹം സുപരിചിതനായിരുന്നു. നിരവധി തമിഴ് ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ സിനിമാ നിരൂപണ രംഗത്തും അദ്ദേഹം തരംഗം സൃഷ്ടിച്ചു. ആരുടെയും സ്വാധീനമില്ലാതെ, സിനിമകളെ കൃത്യമായി വിലയിരുത്തുന്ന അദ്ദേഹത്തിന്റെ വ്യത്യസ്തമായ ശൈലിക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു.
തമിഴ് താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘കറുപ്പ്’ എന്ന സിനിമയെക്കുറിച്ച് പങ്കുവെച്ച നിരൂപണ വീഡിയോയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തുവന്നത്. സത്യേന്ദ്രയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംവിധായകരും സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിനിമയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും നിരീക്ഷണപാടവവും വരും തലമുറയ്‌ക്ക് എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് അനുശോചന സന്ദേശങ്ങളില്‍ പ്രമുഖര്‍ വ്യക്തമാക്കുന്നു.















