ന്യൂഡൽഹി: പ്രസിദ്ധ മുസ്ലീം തീർത്ഥാടനകേന്ദ്രമായ അജ്മീർ ദർഗയിലേക്ക് പ്രധാനമന്ത്രിയുടെ പട്ട് സമ്മാനം. ദർഗയിൽ മാർച്ച് 30 മുതൽ നടക്കുന്ന ഉറൂസിൽ പങ്കെടുക്കാനായി പുറപ്പെടുന്ന കേന്ദ്രമന്ത്രിമാരായ മുഖ്താർ അബ്ബാസ് നഖ്വി, ജിതേന്ദ്രസിംഗ് എന്നിവരുടെ കയ്യിലാണ് പ്രധാനമന്ത്രി പട്ട് കൊടുത്തയച്ചത്.
ഭാരതത്തിന്റെ മഹത്തായ ആദ്ധ്യാത്മികപാരമ്പര്യത്തിന്റെ അടയാളങ്ങളിലൊന്നാണ് സൂഫി ആചാര്യനായിരുന്ന ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയെന്നും മനുഷ്യകുലത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വരും തലമുറകൾക്കും പ്രയോജനപ്രദമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ഉറൂസ് നടക്കുന്ന വേളയിൽ ലോകമെമ്പാടുമുളള ഖ്വാജയെ പിന്തുടരുന്നവർക്ക് താൻ ആശംസകളറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.