ഇംഫാൽ: മണിപ്പൂരിൽ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ബിഷ്ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ വിന്യസിച്ചിരുന്ന സിആർപിഎഫിന്റെ 128 ബറ്റാലിയനിലെ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു.
മണിപ്പൂരിലെ കുക്കി വിഭാഗത്തിൽ നിന്നുള്ള അക്രമികൾ നടത്തിയ വെടിവയ്പ്പിലും ബോംബേറിലുമാണ് ജവാന്മാരുടെ മരണം സംഭവിച്ചത്. ആക്രമണത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികൾ മലമുകളിൽ നിന്ന് ക്യാമ്പ് ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. 12.30 ഓടെ ആരംഭിച്ച ആക്രമണം പുലർച്ചെ 2.15 വരെ തുടർന്നു. ബോംബ് എറിഞ്ഞതാണ് ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.