രാജ്കോട്ട്: ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിന്റെ തകർപ്പൻ ജയം. 184 റൺസ് പിന്തുടർന്ന കൊൽക്കത്ത 14.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് ലക്ഷ്യം കണ്ടത്.
41 പന്തുകളിൽ 8 സിക്സറുകളും 6 ഫോറും അടിച്ചുകൂട്ടിയ ക്രിസ് ലിന്നും, 48 പന്തിൽ നിന്ന് 12 ബൗണ്ടറികളുടെ അകമ്പടിയോടെ 76 റൺസ് അടിച്ചെടുത്ത നായകൻ ഗൗതം ഗംഭീറും ചേർന്ന് അക്ഷരാർത്ഥത്തിൽ രാജ്കോട്ട് ഉത്സവമാക്കി. 184 റൺസ് എന്ന വിജയലക്ഷ്യം ഇരുവരും ചേർന്ന് അനായാസം സ്വന്തമാക്കിയത് 15 ആം ഓവറിൽ.
വിക്കറ്റൊന്നും നഷ്ടപ്പെടാതെയായിരുന്നു കൊൽക്കത്തയുടെ വിജയം. 19 പന്തിൽ നിന്നും അർദ്ധ സെഞ്ചുറി കുറിച്ച ക്രിസ് ലിന്നിന്റെ ബാറ്റ് വിശ്രമമില്ലാതെ റൺസ് വാരിക്കൂട്ടി. പിന്തുണയുമായി നായകൻ ഗംഭീറും ചേർന്നതോടെ കൊൽക്കത്തക്ക് വിജയം അനായാസമായി.
ടോസ് നേടിയ കൊൽക്കത്ത, ഗുജറാത്ത് ലയൺസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സുരേഷ് റെയ്ന, ദിനേഷ് കാർത്തിക്, ബ്രണ്ടൻ മെക്കല്ലം എന്നിവർ ചേർന്നാണ് ഗുജറാത്തിനെ മികച്ച സ്കോറിൽ എത്തിച്ചത്.
ഐപിഎല്ലിൽ ഇത് ആദ്യമായാണ് ഒരു ടീം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം കാണുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ കിംഗ്സ് ഇലവൺ പഞ്ചാബ് പൂനെ സൂപ്പർ ജയന്റ്സിനെയും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ഡെയർഡെവിൾസിനെയും നേരിടും.