മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ലയൺസിനെതിരെ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. 3 പന്ത് ശേഷിക്കെയായിരുന്നു മുംബൈയുടെ ജയം. അർദ്ധ സെഞ്ച്വറി നേടിയ നിതീഷ് റാണയുടെ മികവിലാണ് മുംബൈ ജയം സ്വന്തമാക്കിയത്.
ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. 64 റണ്‍സടിച്ച ബ്രണ്ടന്‍ മക്കല്ലത്തിന്റെയും 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക്കിന്റെയും മികവിലായിരുന്നു ഗുജറാത്ത് മികച്ച സ്കോർ പടുത്തുയർത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് സ്കോർബോർഡ് തുറക്കുന്നതിന് മുൻപ് തന്നെ പാർത്ഥിവ് പട്ടേലിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് ഒന്നിച്ച റാണ – ബട് ലർ സഖ്യം നേടിയ 82 റൺസിന്റെ കൂട്ടുകെട്ടാണ് മുംബൈ വിജയത്തിന് അടിത്തറ പാകിയത്.
നിതീഷ് റാണ 36 പന്തിൽ നിന്ന് 53 റൺസും രോഹിത് ശർമ്മ 29 പന്തിൽ നിന്ന് 40 റൺസും കീറോൺ പൊള്ളാർഡ് 23 പന്തിൽ നിന്ന് 39 റൺസും നേടി.