കൊൽക്കത്ത: ഐപിഎല്ലിൽ ഡൽഹി ഡയർ ഡെവിൾസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴിന് ഏഴ് വിക്കറ്റ് ജയം. 161 റൺസ് വിജയലക്ഷ്യം 22 പന്ത് ശേഷിക്കെ കൊൽക്കത്ത മറികടന്നു. നായകൻ ഗൗതം ഗംഭീറിന്റെയും റോബിൻ ഉത്തപ്പയുടേയും അർദ്ധ സെഞ്ച്വറികളാണ് കൊൽക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ 14 പോയിന്റുമായി കൊൽക്കത്ത ഒന്നാം സ്ഥാനം നിലനിർത്തി.
തുടർച്ചയായ രണ്ടാം സെഞ്ച്വറി കൂട്ടുകെട്ടിൽ കൊൽക്കത്തയ്ക്ക് ജയമൊരുക്കി ഗൗതം ഗംഭീറും റോബിൻ ഉത്തപ്പയും.
161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സുനിൽ നരെയ്ൻ 4 റൺസുമായി പുറത്ത്. രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗംഭീറും ഉത്തപ്പയും 66 പന്തിൽ അടിച്ചുകൂട്ടിയത് 108 റൺസ്. 33 പന്തിൽ അഞ്ച് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെടെ 59 റൺസെടുത്ത് ഉത്തപ്പ പുറത്താകുമ്പോൾ കൊൽക്കത്ത ജയം ഉറപ്പിച്ചിരുന്നു.
52 പന്തിൽ 11 ബൗണ്ടറികളുമായി 71 റൺസ് എടുത്ത ഗംഭീർ പുറത്താകാതെ നിന്നു.
ഗംഭീറാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസ് എടുത്തത്. 38 പന്തിൽ നാല് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പടെ 60 റൺസ് എടുത്ത സഞ്ജു വി സാംസണാണ് ഡൽഹിയുടെ ടോപ് സ്കോറർ. കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചും തോറ്റ ഡൽഹി പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.















