പൂനെ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് കാണാതെ പുറത്ത്. നിർണായക മത്സരത്തിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനെതിരെ 61 റൺസിന് തോറ്റതോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ അവസാനിച്ചു. 55 റൺസ് എടുത്ത നായകൻ വിരാട് കോഹ്ലിയ്ക്കൊഴികെ ബാംഗ്ലൂർ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാനായില്ല.
പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ശേഷിക്കുന്ന എല്ലാ മത്സരവും ജയിക്കണമെന്നിരിക്കെയാണ് പൂനെയ്ക്കെതിരെ ബാംഗ്ലൂരിന്റെ ദയനീയ തോൽവി.
157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 9 വിക്കറ്റിന് 96 റൺസുമായി കൂടാരം കയറി. ക്രിസ് ഗെയ്ലിന് പകരക്കാരനായിറങ്ങിയ ട്രെവിസ് ഹെഡ് 2 റൺസിന് പുറത്ത്. ക്രീസിൽ നിലയുറപ്പിക്കും മുൻപെ എബി ഡിവില്ലിയേഴ്സിനെയും കേദാർ ജാദവിനെയും മടക്കി ഫെർഗൂസൻ ബാംഗ്ലൂരിനെ ഞെട്ടിച്ചു.
രണ്ടക്കം കാണാതെ സച്ചിൻ ബേബിയും സ്റ്റുവർട്ട് ബിന്നിയും മടങ്ങിയതോടെ ബാംഗ്ലൂരിന്റെ പ്രതീക്ഷ അസ്തമിച്ചു. ഒറ്റയ്ക്ക് പൊരുതിയ കോഹ്ലി 55 റൺസുമായി മടങ്ങി. സീസണിൽ കളിച്ച 10 മത്സരങ്ങളിൽ ബാംഗ്ലൂരിന് ജയിക്കാനായത് രണ്ട് എണ്ണത്തിൽ മാത്രം. മഴമൂലം ഉപേക്ഷിച്ച മത്സരത്തിലേതടക്കം സീസണിലെ സമ്പാദ്യം അഞ്ച് പോയിന്റ് മാത്രം.
ആദ്യം ബാറ്റ് ചെയ്ത പൂനെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസ് എടുത്തത്. സ്റ്റീവൻ സ്മിത്ത് 45 ഉം മനോജ് തിവാരി 44 ഉം റൺസ് എടുത്തു. ജയത്തോടെ 10 പോയിന്റുമായി പൂനെ നാലാം സ്ഥാനത്തെത്തി.















