രാജ്കോട്ട്: ഐപിഎൽ പത്താം സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരത്തിൽ ഗുജറാത്ത് ലയൺസിനെതിരെ മുംബൈ ഇന്ത്യൻസിന് 6 റൺസ് ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരം സമനിലയിലായതോടെയാണ് സൂപ്പർ ഓവർ വിജയിയെ നിശ്ചയിച്ചത്.
ഏറെ നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിൽ ഇരു ടീമുകളും നിശ്ചിത ഓവറില്‍ 153 റൺസെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ടോസ് നേടി ആദ്യം ബാറ്റിംങ് തെരഞ്ഞെടുത്ത ഗുജറാത്ത് ലയൺസ് ഓപ്പണർ ഇഷാന് കിഷന്റെ ബാറ്റിംഗ് മികവിലാണ് 153 റൺസെടുത്തത്.
44 പന്തില്‍ നിന്ന് 70 റൺസ് നേടിയ പാർത്ഥിവ് പട്ടേലിന്റെ ബാറ്റിംഗ് മികവിൽ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്ന മുംബൈയെ, മലയാളി താരം ബേസിൽ തമ്പിയുടെ അവസാന ഓവറിലെ പ്രകടനങ്ങളായിരുന്നു മത്സരം സൂപ്പർ ഓവറിൽ എത്തിച്ചത്. 19-ാം ഓവർ എറിയാനെത്തിയ ബേസിൽ ആദ്യ പന്തിൽതന്നെ ഹാർദിക് പാണ്ഡ്യയെ പുറത്താക്കി.
പാണ്ഡ്യയും ഹർഭജൻ സിംഗും, മക്ക് ലാഗനും കൂടി ഇതേ ഓവറിൽ പുറത്തായപ്പോൾ മത്സരം നാടകാന്ത്യത്തിലേക്കി നീങ്ങി. എന്നാൽ ക്രുണാൽ പാണ്ഡ്യ വീണ്ടും മുംബൈയെ കളിയിലേക്ക് തിരികെകൊണ്ടുവന്നു. വീണ്ടും വിജയം മണത്ത മുംബൈ രണ്ടു റൺ ഔട്ടിലൂടെ കളിയെ സൂപ്പർ ഓവറിലേക്ക് ദീർഘിപ്പിച്ചു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 11 റൺസെടുക്കാനെ ആയുള്ളൂ. രണ്ടാമത് ബാറ്റ് ചെയ്ത ഗുജറാത്ത് ജർപ്രീത് ബുംറക്ക് മുന്നിൽ മുട്ടു മടക്കി. ആറു റൺസ് മാത്രമാണ് ബൂംമ്ര വിട്ടുനൽകിയത്. ഒരു നോബോളും ഒരു വൈഡും എറിഞ്ഞിട്ടും ഗുജറാത്തിന് വേണ്ടിയിറങ്ങിയ മക്കല്ലത്തിനും ഫിഞ്ചിനും ബൂംമ്രയുടെ പന്തിൽ തൊടാനായില്ല. ഇതോട ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരം മുംബൈയുടെ കൈപ്പിടിയിൽ ആവുകയായിരുന്നു.















