മൊഹാലി: ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ഡയർ ഡെവിൾസിന് ദയനീയ തോൽവി. ഡൽഹി ഉയർത്തിയ 68 റൺസ് വിജയലക്ഷ്യം 73 പന്ത് ശേഷിക്കെ, വിക്കറ്റ് നഷ്ടം കൂടാതെ പഞ്ചാബ് മറികടന്നു. 20 റൺസ് വഴങ്ങി ഡൽഹിയുടെ നാലു വിക്കറ്റെടുത്ത സന്ദീപ് ശർമയാണ് കളിയിലെ താരം.
ഐപിഎല്ലിൽ ആദ്യ ഇന്നിംഗ്സിലെ ഏറ്റവും കുറഞ്ഞ സ്കോറിന് ഡൽഹിയെ പുറത്താക്കിയ പഞ്ചാബിന് പത്തുവിക്കറ്റിന്റെ തകർപ്പൻ ജയം.
68 റൺസ് വിജയലക്ഷ്യം മാർട്ടിൻ ഗുപ്റ്റിലിന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിൽ പഞ്ചാബ് മറികടന്നു. ഗുപ്റ്റിൽ 27 പന്തിൽ ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളുമായി 50 റൺസ് എടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നു. സഞ്ജു സാസണെയും, സാം ബില്ലിംഗ്സിനെയും, ശ്രേയസ് അയ്യരെയും പുറത്താക്കി സന്ദീപ് ശർമയുടെ ആദ്യ സ്പെൽ. സന്ദീപിന് വരുൺ അരോണും അക്ഷർ പട്ടേലും മികച്ച പിന്തുണ നൽകിയതോടെ ഡൽഹി 67 റൺസുമായി കൂടാരം കയറി.
ഡൽഹി നിരയിൽ രണ്ടക്കം കാണാതെ പുറത്തായത് ആറ് ബാറ്റ്സ്മാന്മാർ. 18 റൺസ് എടുത്ത കോറി ആന്‍ഡേഴ്സനാണ് ഡൽഹിയുടെ ടോപ് സ്കോറർ. എട്ട് മത്സരങ്ങളിൽ ആറും തോറ്റ ഡൽഹിയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ശേഷിക്കുന്ന എല്ലാ മത്സരവും ജയിച്ചേ തീരു.
ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിർത്തി.















