ന്യൂഡൽഹി : അരുണാചൽ പ്രദേശിനു സമീപം പരിശീലനപ്പറക്കലിനിടെ കാണാതായ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റുകളിലൊരാൾ മലയാളി . കോഴിക്കോട് പന്തീരങ്കാവ് പന്നിയൂർകുളം സ്വദേശിയായ ഫ്ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് ആണ് കാണാതായവരിൽ ഒരാളെന്നാണ് റിപ്പോർട്ട്.
ഐഎസ്ആർഒ യിൽ നിന്ന് വിരമിച്ച വള്ളിക്കുന്ന് പറമ്പിൽ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. വിവരമറിഞ്ഞ് രക്ഷിതാക്കൾ അസമിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് വിമാനം കാണാതായത്.
കരസേനയും വ്യോമസേനയും വിമാനം കണ്ടെത്താൻ വ്യാപകമായ തിരച്ചിൽ നടത്തുകയാണ് . കനത്ത മഴ തിരച്ചിലിനെ തടസപ്പെടുത്തുന്നുണ്ട് . ഇന്ത്യൻ വ്യോമാതിർത്തി കടന്നിട്ടില്ല എന്ന വിവരമാണ് നിലവിൽ ലഭ്യമായത് . വിമാനത്തെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് ചൈന പ്രതികരിച്ചിട്ടുണ്ട്.