NewsSports

ഫൈനല്‍ ബെര്‍ത്ത് തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

ബിര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമി ഫൈനലില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.ചാമ്പ്യന്‍സ് ട്രോഫിയിലെ നിലവിലെ ജേതാക്കളായ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ബംഗ്ലാദേശിനു കഴിയില്ല എന്നാണ് പൊതുവെയുളള വിലയിരുത്തല്‍.

ഗ്രൂപ്പു മത്സരങ്ങളില്‍ രണ്ടു ജയവും ഒരു തോല്‍വിയുമായാണ് ഇന്ത്യ സെമി യോഗ്യത നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ 124 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിതമായി ഇന്ത്യ തോല്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 321 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങ്ിയ ശ്രീലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടെത്തി.

ശ്രീലങ്കയോടേറ്റ തോല്‍വയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങിയത്.മികച്ച ഫീല്‍ഡിങ്ങും കിടിലന്‍ ബാറ്റിങ്ങുമായി കോഹ്‌ലിക്കൂട്ടം അനായാസം ജയിച്ചു കയറി.

മറുവശത്തു ബംഗ്ലദേശാകട്ടെ ഭാഗ്യത്തിന്റെ ബലത്തിലാണ് സെമി പ്രവേശനം നേടിയത്. ന്യൂസീലന്‍ഡിനെ തോല്‍പിച്ച അവര്‍ ഇംഗ്ലണ്ടിനോടു തോല്‍വി വഴങ്ങി. എന്നാല്‍ ഓസ്‌ട്രേലിയയോടു തോല്‍ക്കേണ്ട മല്‍സരം പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ പങ്കുവച്ചുകിട്ടിയ പോയിന്റുമായാണ് ബംഗ്ലാദേശ് അവസാന നാലു ടീമുകളില്‍ ഒന്നായത്.

കെന്നിങ്ടണ്‍ ഓവലില്‍ നടന്ന സന്നാഹമത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യക്കുമുന്നില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. 324 റണ്ണാണ് ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത്. മറുപടിയില്‍ ഇന്ത്യന്‍ ബൌളര്‍മാരുടെ മുന്നില്‍ മുട്ടുമടക്കിയ ബംഗ്ലാദേശ് 84 റണ്ണിന് ഓള്‍ ഔട്ടാവുകയും ചെയ്തു.

സാധ്യതാ ടീം ഇന്ത്യ: കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത്, യുവരാജ്, മഹേന്ദ്രസിങ് ധോണി, കേദാര്‍ യാദവ്, പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ബുമ്ര, ഉമേഷ് യാദവ്.

സാധ്യതാ ടീം ബംഗ്ലാദേശ്: മുഷ്ഫികുര്‍ റഹ്മാന്‍ (ക്യാപ്റ്റന്‍), തമിം ഇക്ബാല്‍, കയെസ്, സൗമ്യ സര്‍കാര്‍, സാബിര്‍, മുഹ്മുദുള്ള, ഷാകിബ്, മൊര്‍താസ, മുസ്താഫിസുര്‍, തസ്‌കിന്‍, മെഹെദി ഹൊസൈന്‍.

Close
Close