NewsSports

ഇനി അങ്കം വെസ്റ്റ് ഇന്‍ഡീസില്‍

പോര്‍ട് ഓഫ് സ്‌പെയ്ന്‍ : വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് ഏകദിനങ്ങള്‍ക്കും ഒരു ട്വന്റി20 യും അടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന്. വൈകിട്ട് 6.30 നാണ് മത്സരം.

കോഹ്ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് മുഖ്യ പരിശീലകനില്ലാതെയാണ് ഇന്ത്യ പരമ്പരക്കെത്തിയിരിക്കുന്നത്. കുംബ്ലെയ്ക്ക് രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തെത്തുടര്‍ന്ന് മുന്‍താരങ്ങളുടേതടക്കം വിമര്‍ശനം നേടിയ കോഹ്ലി വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

ജസ്പ്രിത് ബുമ്ര വിശ്രമത്തിലായതിനാല്‍ മുഹമ്മദ് ഷാമിക്ക് അവസരം ഉറപ്പാണ്. 2015 നുശേഷം ഔദ്യോഗിക ഏകദിനമല്‍സരങ്ങളൊന്നും ഷാമി കളിച്ചിട്ടില്ല. ബാറ്റിങ് നിരയിലേക്ക് അജിങ്ക്യ രഹാനെയും മടങ്ങിയെത്തും. വമ്പനടിക്കാരന്‍ ഋഷഭ് പന്തിനും അവസരം കിട്ടാനാണു സാധ്യത.

പുതിയ നിരയുമായാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

58 ഏകദിനങ്ങള്‍ കളിച്ച ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയിലെ പരിചയസമ്പന്നന്‍. ഹോള്‍ഡര്‍ അടക്കമുള്ള വിന്‍ഡീസിന്റെ 13 താരങ്ങളും കൂടി ഇതുവരെ കളിച്ചത് 213 ഏകദിനങ്ങളാണ്. ഇന്ത്യയുടെ യുവരാജ് സിങ്ങും (301) എം.എസ്.ധോണിയും (291) ഇതിലേറെ മല്‍സരങ്ങളിലിറങ്ങിയിട്ടുണ്ട്. കോഹ്ലി 184 മത്സരങ്ങളിലും ക്രിക്കറ്റ് പാഡണിഞ്ഞിട്ടുണ്ട്.

ടീം ഇവരില്‍ നിന്ന്

ഇന്ത്യ: വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, യുവരാജ് സിങ്, ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ്, ഷാമി, ഭുവനേശ്വര്‍ കുമാര്‍, പന്ത്, ദിനേഷ് കാര്‍ത്തിക്, ഉമേഷ് യാദവ്.

വിന്‍ഡീസ്: ജേസന്‍ ഹോള്‍ഡര്‍, ജൊനാഥന്‍ കാര്‍ട്ടര്‍, മിഗ്വേല്‍ കുമ്മിന്‍സ്, അല്‍സാരി ജോസഫ്, ജേസന്‍ മുഹമ്മദ്, കീറന്‍ പവല്‍, കേസ്‌റിക് വില്യംസ്, ദേവേന്ദ്ര ബിഷൂ, റോസ്റ്റന്‍ ചേസ്, ഷായ് ഹോപ്, എവിന്‍ ലൂയിസ്, ആഷ്‌ലി നഴ്‌സ്, റോമാന്‍ പവല്‍.

Please scroll down for comments

Close
Close