കസാന്‍ : കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എ ഗ്രൂപ്പില്‍ നിന്നും പോര്‍ച്ചുഗലും മെക്സിക്കോയും സെമിയില്‍ കടന്നു. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി സെമിയിലേക്ക് കുതിച്ചത്. ക്രിസ്റ്റ്യാനോ, ബെര്‍നാഡോ സില്‍വ, ആന്‍്രേഡ സില്‍വ, നാനി എന്നിവരാണ് പോര്‍ച്ചുഗലിനായി ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയുടെ 33ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ ആദ്യ ഗോള്‍ നേടി. ഗോള്‍വേട്ടയ്ക്ക് ബെര്‍നാര്‍ഡോ സില്‍വ (38), ആന്ദ്രേ സില്‍വ (80), നാനി (89) എന്നിവര്‍ പൂര്ണതയേകിയതോടെ ന്യൂസീലന്‍ഡ് തകര്‍ന്നു.
ആതിഥേയരായ റഷ്യയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് മെക്സിക്കോ പരാജയപ്പെടുത്തിയത്. കളി തുടങ്ങി 25ാം മിനിറ്റില്‍ റഷ്യയാണ് ആദ്യഗോള്‍ നേടി മുന്നിലെത്തിയത്. സാമദേവാണ് റഷ്യക്കായി ഗോള്‍ കരസ്ഥമാക്കിയത്. തുടര്‍ന്ന് ഉണര്‍ന്നു കളിച്ച മെക്സിക്കോ അല്‍പ്പസമയത്തിനുളളില്‍ നെസ്റ്റോര്‍ അരോജയിലൂടെ സമനില നേടി.
തുടര്‍ന്ന് രണ്ടാം പകുതിയുടെ ആദ്യമിനിറ്റുകള്ക്കുളളില് തന്നെ ഹിര്‍വിങ് ലൊസാനോ രണ്ടാംഗോള്‍ നേടി. റഷ്യ പൊരുതി നോക്കിയെങ്കിലും സമനില ഗോള്‍ പോലും പിന്നീട് നേടാനായില്ല.