ലണ്ടന്‍ : ഇന്ത്യയ്ക്കും ലോകകപ്പിനും ഇടയില്‍ ഇനി ഒരു മത്സരത്തിന്റെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ഏകദിന വനിതാലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 1.30 മുതല്‍ ലോര്‍ഡ്സിലാണ് കലാശപ്പോരാട്ടം.
കണക്കുകളില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. കാരണം ഇംഗ്ലണ്ടും ഇന്ത്യയും നേര്‍ക്കുനേര്‍ പത്തു മത്സരങ്ങള്‍ കളിച്ചതില്‍ ആറിലും ഇംഗ്ലണ്ടിനാണു വിജയം. എന്നാല്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ത്തന്നെ ഇംഗ്ലണ്ടിനെ 35 റണ്‍സിനു തോല്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.
ആദ്യരണ്ട് മത്സരങ്ങളിലും മികച്ചപ്രകടനം നടത്തിയ സ്മൃതി മന്ദാന തുടര്‍ന്നുള്ള 6 ഇന്നിംഗ്സുകളിലും പരാജയപ്പെട്ടത് ഇന്ത്യയ്ക്ക് തലവേദനയാണ്. പൂനെ യാദവിന് പകരം ഫൈനലില്‍ ഏക്ത ബിറ്റ്തിന് അവസരം ലഭിക്കാനും ഇടയുണ്ട്. മികച്ച ഫോം തുടരുന്ന ക്യാപ്റ്റന്‍ മിതാലി രാജിന്റെ കീഴില്‍ ജയിച്ചുകയറാമെന്ന് തന്നെയാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.
മികച്ച ബാറ്റിങ് നിരയും അപകടകാരികളായ സ്പിന്‍ ബോളര്‍മാരുമാണ് ഇന്ത്യന്‍ വിജയത്തിന്റെ ശില്പികള്.
മിഡില്‍ ഓവറുകളില്‍ ദീപ്തിശര്‍മയുടെ ഓഫ് സ്പിന്നറുകള്‍ 12 വിക്കറ്റുകളാണു ടീം ഇന്ത്യയ്ക്കു നേടിക്കൊടുത്തത്. പൂനം യാദവും ഏക്താ ബിസ്തും കൂടി ചേരുന്നതോടെ ഇന്ത്യന്‍ സ്പിന്നിലെ ത്രിമൂര്‍ത്തികളായി. ടൂര്‍ണമെന്റില്‍ കളിച്ച 8 മത്സരങ്ങളില്‍ 6 ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യയുടെ സമ്പാദ്യം.
എന്നാല്‍ ആദ്യ തോല്‍വിക്കുശേഷം ഇംഗ്ലണ്ട് പിന്നീട് ഏഴു മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു. ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ നൈറ്റും ഓപ്പണര്‍ ടാമിബീമൗണ്ടും മികച്ച ഫോമിലാണ്. ടൂര്‍ണമെന്റില്‍ ഇരുവരും ഇതുവരെ നേടിയത് 750 റണ്‍സ്. നതാലിയ സിവറാണ് ടീമിലെ മറ്റൊരു സൂപ്പര്‍താരം. ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടു സെഞ്ചുറികള്‍ നതാലിയയ്ക്കുണ്ട്.
ആദിതേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കപ്പുമായി ഇന്ത്യയിലേക്ക് വിമാനം കയറാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.















