ന്യൂഡല്‍ഹി: വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് അപ്രതീക്ഷിത തോല്‍വിയുടെ ആഘാതം ഏല്‍ക്കേണ്ടി വന്നെങ്കിലും കളിക്കാരുടെ ആത്മവിശ്വാസത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അവരുടെ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓര്‍ക്കുമെന്നും ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
മോദിക്ക് പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിനും ടീമിനെ ആശ്വസിപ്പിച്ചു. ഇന്ത്യന്‍ വനിതാ ടീം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്‌ച്ച വച്ചെന്നും എന്നാല്‍ ചിലത് വിധിച്ചിട്ടില്ലെന്ന് സമാധാനിക്കുകയാണ് വേണ്ടതെന്നും സച്ചിന്‍ പ്രതികരിച്ചു.
ഇന്ന് നിര്‍ഭാഗ്യമാണ് വിനയായതെന്നും എന്നാല്‍ ടീമിന്റെ പ്രകടനം ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനെ പുതിയ മാനങ്ങളിലെത്തിച്ചെന്നുമായിരുന്നു
വിരേന്ദര്‍ സേവാഗിന്റെ പ്രതികരണം.
ഗൗതം ഗംഭീര്‍, യുവരാജ് സിംഗ്, മൊഹമ്മദ് കൈഫ് എന്നിവരും ടീമിന് അഭിനന്ദനവുമായി രംഗത്തെത്തി.















