ഗാലെ: ബാറ്റ്സ്മാന്മാര്ക്കൊപ്പം ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നതോടെ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്ത്യ പടുത്തുയര്‍ത്തിയ 600 റണ്‍സെന്ന കൂറ്റന്‍ സ്കോറിന് മറുപടി പറയുന്ന ശ്രീലങ്ക രണ്ടാം ദിനം കളിനിര്‍ത്തിയപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എന്ന നിലയിലാണ്.
ശേഷിക്കുന്ന അഞ്ചു വിക്കറ്റില്‍ ഇന്ത്യന്‍ സ്കോറിനൊപ്പം എത്താന്‍ ശ്രീലങ്കയ്ക്ക് 446 റണ്‍സ് കൂട്ടി വേണം.മുന്‍ നായകന് ഏയ്ഞ്ചലോ മാത്യൂസും( 54) ദില്‍രൂവന്‍ പെരേരയും (6) ആണ് ക്രീസില്‍.
വന്‍ സ്കോറിനെ പിന്തുടര്ന്ന് കളിക്കളത്തിലിറങ്ങിയ ശ്രീലങ്കയെ ഇന്ത്യന്‍ ബൗളിങ്ങ് നിര വരിഞ്ഞുമുറുക്കി. രണ്ടാം ഓവറില്‍ തന്നെ പേസര്‍ ഉമേഷ് യാദവ് ഓപ്പണര്‍ ദിമുത്ത് കരുണരത്നയെ രണ്ടു റണ്‍സിന് മടക്കി. പിന്നീട് പതിനഞ്ചാം ഓവറില്‍ ദനുഷ്ക ഗുണതിലകയെയും (16) കൗശല്‍ മെന്‍ഡിസിനെയും (0) ഷമി വീഴ്ത്തി.
64 റണ്‍സ് കുറിച്ച തരാംഗനയെ അഭിനവ് മുകുന്ദിന്റെ ഒന്നാന്തം ത്രോയില്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹ റണ്‍ ഔട്ടാക്കി. ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ നിരോഷന്‍ ഡിക്ക്വെല്ല ആര്. അശ്വിന്റെ സ്്പന്നില് വീണു.
നേരത്തെ മൂന്ന് വിക്കറ്റിന് 399 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച ഇന്ത്യ 201 റണ്‍സ് കൂട്ടിചേര്‍ത്തു.
144 റണ്‍സുമായി കളി തുടങ്ങിയ പൂജാര 153 റണ്‍സുമായി മടങ്ങി. രഹാനെ 57 റണ്‍സെടുത്തു. അരങ്ങേറ്റക്കാരനായ ഹാര്‍ദിക് പാണ്ഡ്യെ 49 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്സും അഞ്ചുഫോറും ഉള്‍പ്പെട്ട ഇന്നിങ്ങ്സ്. അശ്വിന് 47 റണ്‍സ് കുറിച്ച് മടങ്ങി. ശ്രീലങ്കയുടെ പേസര്‍ നുവാന്‍ പ്രദീപ് 31 ഓവറില്‍ 132 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്ത്തി.















