കൊളംബോ : തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും പരമ്പരയിലെ ആദ്യ സെഞ്ചുറി കണ്ടെത്തിയ അജിങ്ക്യ രഹാനെയുടെയും മികവില്‍ കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
കരിയറിലെ 13-ാം ടെസ്റ്റ് സെഞ്ചുറി പൂര്ത്തിയാക്കിയപൂജാര 128 റണ്‍സോടെയും ഒന്‍പതാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ രഹാനെ 103 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും 211 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുല്‍, (57), മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന് (35), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (13) എന്നിവരാണ് പുറത്തായത്.
37 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 35 റണ്‍സെടുത്ത ധവാനെ ദില്‍റുവാന്‍ പെരേര പുറത്താക്കി. ധവാനൊപ്പം ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (56) തീര്‍ത്ത രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി അധികം വൈകാതെ റണ്ണൗട്ടായി. രണ്ടാം വിക്കറ്റില്‍ പൂജാരയ്ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടു (53) തീര്‍ക്കാനും രാഹുലിനായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി കാര്യമായ സംഭാവന കൂടാതെ രംഗണ ഹെറാത്തിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങിയെങ്കിലും, പിരിയാത്ത നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത പൂജാരരഹാനെ സഖ്യം ഇന്ത്യയെ 250 കടത്തി.