കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അശ്വിന് ഒരു ലോകറെക്കോര്‍ഡ് കൂടി കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 2,000 റണ്‍സും 250 വിക്കറ്റുകളും സ്വന്തമാക്കുന്ന താരം എന്ന ലോകറെക്കോര്‍ഡാണ് അശ്വിന് സ്വന്തം പേരില്‍ കുറിച്ചത്. 32 വര്‍ഷം പഴക്കമുള്ള ലോകറെക്കോര്‍ഡാണ് ഇന്ത്യന്‍ താരം തകര്‍ത്തത്.
ന്യൂസിലന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാര്‍ഡ്ലിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അശ്വന് മാറ്റിയെഴുതിയത്. 54 ടെസ്റ്റുകളില്‍ നിന്നാണ് ഹാഡ്ലി ഈ നേട്ടം കൈവരിച്ചതെങ്കില്‍ അശ്വിന് വെറും 51 മത്സരങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ടെസ്റ്റില്‍ 281 വിക്കറ്റുകളും അശ്വിന് സ്വന്തമാക്കിയിട്ടുണ്ട്.
ലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലാണ് അശ്വിന് ടെസ്റ്റില്‍ 2000 റണ്‍സ് തികച്ചത്. ഉജ്ജ്വലമായ അര്‍ദ്ധ സെഞ്ച്വറിയും അശ്വിന് സ്വന്തമാക്കി. 92 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സറും അടക്കം 54 റണ്‍സായിരുന്നു അശ്വിന്റെ സമ്പാദ്യം. ടെസ്റ്റിലെ പതിനൊന്നാം അര്‍ദ്ധ ശതകമായിരുന്നു അശ്വിന് കുറിച്ചത്. ബാറ്റിംഗിന് പുറമെ ബൗളിംഗിലും അശ്വിന് തിളങ്ങി. ശ്രീലങ്കയുടെ ഓപ്പണര്‍മാരെ പുറത്താക്കി അശ്വിന് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയിട്ടുണ്ട്.