മുംബൈ: ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ ഇന്ന് നേര്‍ക്കുനേര്‍ ഇന്ത്യ – ചൈന പോരാട്ടമുണ്ട്. നാവുകൊണ്ടുളളതല്ല. കൈകള്‍ കൊണ്ടാണ് മത്സരം. ഇടിക്കൂട്ടിന്റെ നാല് അതിരുകള്‍ക്കുള്ളിലാണ് ഇന്ത്യ-ചൈന പോരാട്ടം നടക്കുന്നത്.
ഇന്ത്യയുടെ വിജേന്ദര്‍ സിംഗും ചൈനയുടെ സുല്‍പിക്കര്‍ മെയ്മെയ്തിയാലിയും തമ്മിലാണ് മത്സരം. പ്രൊഫഷണല്‍ ബോക്സിംഗില്‍ 31 കാരനായ വിജേന്ദറും 23 കാരനായ മെയ്തിയാലിലും ഇന്ന് മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.
വൈകിട്ട് 6.30 നാണ് മത്സരം ആരംഭിക്കുന്നത്. ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനാണ് വിജേന്ദര്‍. മെയ്തിയാലി ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനും. വിജയിക്കുന്നയാള്‍ക്ക് എതിരാളിയുടെ കിരീടം സ്വന്തമാവും. ഇരുവരും ഇതുവരെ പരാജയങ്ങള്‍ അറിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
റിംഗിലെ പോരാട്ടത്തിന് മുന്‍പ് തന്നെ ഇരുതാരങ്ങളും തമ്മിലുള്ള വാക്പോര് തുടങ്ങിയിരുന്നു. ചൈനക്കാര്‍ ആരെന്ന് കാണിച്ചുതരാം എന്ന മെയിതിയാലിയുടെ വെല്ലുവിളിക്ക് വിജേന്ദര്‍ കൊടുത്ത മറുപടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധികം ആയുസില്ല എന്നാണ്.
2015 ഒക്ടോബറിലാണ് വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്സിംഗിലേക്ക് കടന്നത്. മെയ്തിയാലി 2015 ഏപ്രിലിലാണ് മത്സരരംഗത്ത് വന്നത്.